photo

ചാരുംമൂട്‌: ക്ലാസ് മുറിയിലെത്താനാവാതെ വീട്ടിൽത്തന്നെ കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരനായ അജയ് ആനന്ദിന് സഹപാഠികളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ആവേശമായി. വീട്ടിലേക്ക് കടന്നുവന്ന കൂട്ടുകാർക്കും അദ്ധ്യാപകർക്കുമൊപ്പം അജയ് ആടിപ്പാടി.

താമരക്കുളം കളത്തിന്റെ കിഴക്കതിൽ സദാനന്ദൻ - ബിന്ദു ദമ്പതികളുടെ മകനായ അജയ് ആനന്ദ് താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ജന്മനായുള്ള വൈകല്യങ്ങളും രോഗവും മൂലം അജയ് ആനന്ദിന് ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ക്ലാസ് മുറിയിലെത്താനാവുന്നത്. കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായുള്ള ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് സഹപാഠികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും കുടുംബശ്രീ -സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും അജയ് യുടെ വീട്ടിലെത്തിയത്.

സഹപാഠികൾ അജയ്ക്ക് പാവയും കളിപ്പാട്ടങ്ങളും ബുക്കുകളും കേക്കും മിഠായിയുമൊക്കെ സമ്മാനിച്ചു. കൂട്ടുകാരുടെ നാടൻ പാട്ടിന് അജയ് കൈകൊട്ടി താളംപിടിച്ചു. കൂട്ടുകാർക്കൊപ്പം നൃത്തം വച്ചു. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അദ്ധ്യാപകന്റെ കൈപിടിച്ച് അജയ് കുറെ ദൂരം നടന്നതു കണ്ടപ്പോൾ അയൽവാസികൾക്ക് ആനന്ദക്കാഴ്ചയായി. ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത താമരക്കുളത്തെ ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു.
പി.ടി.എ പ്രസിഡന്റ് എസ്. ജമാൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം എസ്.എ. റഹിം, പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി.വേണു, എസ്.എസ്.എ ട്രെയിനർ ബിന്ദു, കെ.എൻ.അശോക് കുമാർ, ഇന്ദു, ശിവപ്രകാശ്, ഉണ്ണിക്കൃഷ്ണൻ, വിദ്യ, ഷീബ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.