തുറവൂർ: പെട്രോൾ പമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് കാർയാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത സംഭവത്തിൽ 3 യുവാക്കളെ പൊലീസ് പിടികൂടി. തുറവൂർ വളമംഗലം സ്വദേശികളായ ഗോകുൽ (23), അരുൺ (26), അവിനാഷ് (18) എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.

തുറവൂർ ജംഗ്ഷന് വടക്കുള്ള പമ്പിൽ 28ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഇടപ്പള്ളി മരോട്ട് ചുവട്ടിൽ ശോഭവനിൽ ആനന്ദും സഹോദരനുമാണ് കാറിലുണ്ടായിരുന്നത്. കായംകുളത്തു നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പമ്പിൽ കയറി ഡീസൽ അടിച്ചശേഷം ബില്ല് ചോദിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം പെട്രോൾ അടിക്കാൻ വൈകിയതിനെച്ചൊല്ലി പമ്പിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും യാതൊരു പ്രകോപനവുമില്ലാതെ കാർ യാത്രികർക്കെതിരെ തിരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ആനന്ദും സഹോദരനും ദേശീയ പാതയിലൂടെ പോകുന്നതിനിടെ ബൈക്കിൽ പിന്തുടർന്ന യുവാക്കൾ കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തി ആനന്ദിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആനന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.