അമ്പലപ്പുഴ : കാക്കാഴം മേൽപ്പാലത്തിലൂടെ അശ്രദ്ധമായി വാഹം ഓടിക്കുന്നവർ സൂക്ഷിക്കുക. നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്. അടിക്കടി അപകടം ഉണ്ടായതോടെയാണ് ഇവിടെ ട്രാഫിക് നിരീക്ഷണ കാമറകൾ പൊലീസ് സ്ഥാപിച്ചത്. ഓവർടേക്കിംഗ്, അമിതവേഗത, ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നവർ എന്നിങ്ങനെ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടി പിഴയീടാക്കും. അപകടങ്ങൾ കുറക്കാനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താനും കഴിയുമെന്ന് പൊലീസ് പറയുന്നു. ഒൻപത് കാമറകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
മേൽപ്പാലത്തിലെ കാമറകളുടെയും ഹൈവേ ആക‌്ഷൻ ഫോഴ്സിന്റെയും ഉദ്ഘാടനം ഇന്നലെ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ജില്ലയിൽ പല സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അറ്റകുറ്റപ്പണി നടത്താതെ അവയെല്ലാം പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണിതിനു കാരണം. പാതയോരങ്ങളിലെ കൈയേറ്റങ്ങൾ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ് .മേൽപ്പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധരും, മദ്യപാനികളും തമ്പടിക്കുകയും സമീപ പ്രദേശങ്ങളിൽ മോഷണം നടത്തുകയും ചെയ്യുന്നതിനാൽ പൊലീസിന്റെ ശ്രദ്ധ ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എസ്.സുഹാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജി.വേണുലാൽ, എ.ഹംസത്ത്, എ.ആർ.കണ്ണൻ, ബിന്ദുബൈജു, രമാദേവി, ലേഖാ മോൾ, പി.വി. ബേബി, തുടങ്ങിയവർ സംസാരിച്ചു.