prathapan

ചേർത്തല :കായിക കേരളത്തിന് നൂറു കണക്കിന് പ്രതിഭകളെ സമ്മാനിച്ച കായികാദ്ധ്യാപകൻ കെ.കെ.പ്രതാപന് ജൈവ പച്ചക്കറി കൃഷിയിലും നൂറുമേനി. ചാരമംഗലം ഗവ.ഡി.വി.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച ഉടൻ കർഷകന്റെ വേഷമാണ് പ്രതാപൻ തിരഞ്ഞെടുത്തത്.

കഞ്ഞിക്കുഴി രണ്ടാം വാർഡിൽ ഒന്നര ഏക്കർ തരിശ് ഭൂമിയാണ് ഈ കായികാദ്ധ്യാപകൻ കഠിനാദ്ധ്വാനത്തിലൂടെ ഹരിതാഭമാക്കിയത്.400ചുവട് പയർ,200ചുവട് തക്കാളി,50 ചുവട് മുള്ളൻവെളളരി,250ചുവട് പച്ചമുളക്,100 ചുവട് വെണ്ട,50 ചുവട് പടവലം,അറുപത് ചുവട് പീച്ചിൽ എന്നിവയ്ക്ക് പുറമേ കോവൽ,വാഴ,ചേമ്പ് തോട്ടവും കൃഷിയിടത്തിലുണ്ട്.കഴിഞ്ഞ
വർഷമാണ് കൃഷി ആരംഭിച്ചത്. ഈ വർഷം നൂറ് ക്വിന്റൽ
പച്ചക്കറി ഉൽപ്പാദിപ്പിച്ചു.വിളവെടുപ്പ് തുടരുകയാണ്.ഓണം,മണ്ഡലകാലം,വേനൽക്കാലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് കൃഷി.പരമ്പരാഗത കൃഷി രീതിയ്‌ക്കൊപ്പം ഇ​റ്റാലിയൻ രീതിയിൽ കൃത്യത കൃഷിയും അവലംബിക്കുന്നുണ്ട്.വേപ്പിൻ പിണ്ണാക്ക്,കുമ്മായം,ചാണകം,കോഴിവളം എന്നിവയാണ് വളം.വേപ്പെണ്ണ,ഗോമൂത്രം,മത്തി ശർക്കര മിശ്രിതം എന്നിവയാണ്കീടനിയന്തണത്തിന് ഉപയോഗിക്കുന്നത്. കൃഷിക്ക് വേണ്ടി 7 മണിക്കൂർ സമയം ദിനം പ്രതി വിനിയോഗിക്കും.സമൂഹിക ക്ഷേമ വകുപ്പിൽ നിന്ന് സൂപ്പർവൈസറായി വിരമിച്ച ഭാര്യ പി.എസ്.രാധയും സഹായത്തിനുണ്ട്. അമൃതാബിൽഡേഴ്‌സ് ഉടമ ബാബുമോനാണ് ഒന്നര ഏക്കർ സ്ഥലം വാടകപോലും വാങ്ങാതെ കൃഷിക്ക് വിട്ടു നൽകിയത്.കൃഷി വകുപ്പിന്റെ പച്ചക്കറി ക്ലസ്​റ്ററുകൾ വഴിയാണ് വിപണനം.നിലവിൽ അത്‌ല​റ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ പ്രതാപൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കൂടിയാണ്.