a
ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ആശ്ഥനമായ തെയോ ഭവൻ അരമനയിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസുമായി ഹസ്തദാനം നടത്തുന്നു

മാവേലിക്കര: സൗഹൃദ സന്ദർശനത്തോടെ എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ പ്രചാരണം തുടങ്ങി. മണ്ഡലത്തിലെ ആദ്യഘട്ട സന്ദർശനത്തിന്റെ ഭാഗമായെത്തിയ ചിറ്റയം മാവേലിക്കര നഗരസഭയിലും തെക്കേക്കര പഞ്ചായത്തിലുമായി വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ആരാധനാലയങ്ങളിലും നഗരസഭാ മന്ദിരത്തിലും സർക്കാർ ഓഫീസുകളിലും പൊതുജന കേന്ദ്രങ്ങളിലും സ്നേഹോഷ്മളമായ സ്വീകരണമാണ് ചിറ്റയത്തിന് ലഭിച്ചത്.

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസന അരമനയിലെത്തി പുരോഹിതൻമാരെ സന്ദർശിച്ചുകൊണ്ടാണ് മാവേലിക്കരയിലെ ഒന്നാംഘട്ട പര്യടനം ആരംഭിച്ചത്. പല്ലാരിമംഗലം ബാലികാ മഠത്തിലെത്തി മദർ സുപ്പീരിയറേയും സന്ദർശിച്ചു. തുടർന്ന് ഇവിടത്തെ അന്തേവാസികളായ കുട്ടികൾക്കൊപ്പം അല്പനേരം ചെലവഴിച്ചു. ഇവിടെ നിന്നും കഴിഞ്ഞ വർഷം ജമ്മുവിൽ പാക് വെടിവെയ്പിൽ കൊല്ലപ്പെട്ട ജവാൻ സാം എബ്രഹാമിന്റെ പുന്നമൂട്ടിലെ വീട്ടിലേക്ക്. സാമിന്റെ സഹോദരനെ കണ്ട ശേഷം യോഗക്ഷേമ സഭയുടെ മാവേലിക്കര താലൂക്ക് സെക്രട്ടറി പ്രസന്നൻ നമ്പൂതിരിയുടെ പൊന്നാരംതോട്ടത്തെ വീട്ടിലെത്തി അദ്ദേഹത്തെയും സന്ദർശിച്ചു. തുടർന്ന് കൊറ്റാർകാവ് ശ്രീശുഭാനന്ദാദർശ ആശ്രമത്തിലെത്തി സ്വാമി ആനന്ദതീർഥരെയും മറ്റു സ്വാമിമാരെയും ആശ്രമത്തിലെ അന്തേവാസികളെയും കണ്ടു. ഇവിടെ നിന്ന് ഓർത്തഡോക്സ് സഭയുടെ മാവേലിക്കര തെയോ ഭവൻ അരമനയിലെത്തി, ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസിനെ സന്ദർശിച്ചു. മെത്രാപ്പൊലീത്തക്കും പുരോഹിതൻമാർക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് ചിറ്റയം മടങ്ങിയത്.

എൻ.എസ്.എസ് മാവേലിക്കര താലൂക്ക് കരയോഗ യൂണിയൻ മന്ദിരത്തിലെത്തി യൂണിയൻ പ്രസിഡന്റ് അഡ്വ.ടി കെ പ്രസാദിനെയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ആസ്ഥാനത്തെത്തി സെക്രട്ടറി ബി.സുരേഷ് ബാബുവിനെയും സന്ദർശിച്ചു. ഇവിടെ നിന്നും മാവേലിക്കര നഗരസഭ ഓഫീസിലെത്തിയ സ്ഥാനാർത്ഥിയെ

നഗരസഭാദ്ധ്യക്ഷ ലീലാ അഭിലാഷ് സ്വീകരിച്ചു. ഇവിടെ ജീവനക്കാരെ സന്ദർശിച്ച ശേഷം താലൂക്ക് ഓഫീസിലെ ജീവനക്കാരെയും ട്രഷറി ജീവനക്കാരെയും കണ്ടു. തുടർന്ന് മാവേലിക്കര കോടതിയിലെത്തി അഭിഭാഷകരെയും സന്ദർശിച്ചു. തെക്കേക്കരയിലെ രക്തസാക്ഷി വി.അജിത്തിന്റെ തടത്തിലാലിലെ വീട്ടിലെത്തി അജിത്തിന്റെ മാതാവ് നളിനി ടീച്ചറെ കണ്ട് അനുഗ്രഹം വാങ്ങിയശേഷം ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്ഥലത്തേക്ക് പോയി.

സി.പി.എം മാവേലിക്കര ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ, ആർ.രാജേഷ് എം.എൽ.എ, മാവേലിക്കര നഗരസഭാദ്ധ്യക്ഷ ലീലാ അഭിലാഷ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ബി ശ്രീകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി ശ്യാംകുമാർ, മണ്ഡലം സെക്രട്ടറിയേറ്റംഗം എ.നന്ദകുമാർ, ജനതാദൾ മാവേലിക്കര മണ്ഡലം സെക്രട്ടറി സ്റ്റീഫൻ തിരുവാലിൽ, ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക് സെക്രട്ടറി അഡ്വ.ആർ.ശ്രീനാഥ്, നഗരസഭ കൗൺസിലർ കെ.ഹേമചന്ദ്രൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.