ambalapuzha-news

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 45 കോടി മുടക്കി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. പുതുതായി ആരംഭിക്കുന്ന 42 കോടിയുടെ ശിലാസ്ഥാപനവും നടന്നു.

ഇന്നലെ വീഡിയോ കോൺഫറൻസിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്രുതഗതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൗതിക സാഹചര്യം നവീകരിക്കുന്നതിനൊപ്പം ജീവനക്കാരും സഹകരിച്ച് കേരളത്തിലെ നമ്പർ വൺ ആശുപത്രിയാക്കി ആലപ്പുഴ മെഡിക്കൽ കോളേജിനെ മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആശുപത്രിയിൽ ചില പോരായ്മകൾ കൂടി പരിഹരിക്കാനുണ്ടെന്നും പേ വാർഡുസംവിധാനവും, ക്രൗഡ് മാനേജ്മെന്റ് സംവിധാനവും ഉണ്ടാകണമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ പി.വി.ജൈനമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ, ഗ്രാമ പഞ്ചായത്തംഗം ഷാജി പഴുപാറലിൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.പുഷ്പലത സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ നന്ദിയും പറഞ്ഞു.

പൂർത്തിയായ പദ്മതികൾ

3 കോടി രൂപ ചിലവിൽ ഗ്യാലറി മാതൃകയിൽ 180 ഇരിപ്പിടങ്ങളുള്ള 2 ലക്ചർ ഹാൾ

25 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച 100 കുടുംബങ്ങൾക്ക് താമസിക്കാവുന്ന 8 നിലകളുള്ള ഫ്ലാറ്റ് ടൈപ്പ് പി.ജി. റെസിഡൻഷ്യൽ ക്വാർട്ടേഴ്സ്

2 കോടി 20 ലക്ഷം മുടക്കി നിർമ്മിച്ച കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കെട്ടിടം,

2 കോടി 56 ലക്ഷം ചെലവഴിച്ച് ആർദ്രം പദ്ധതിയുടെ ഒന്നാം ഘട്ടം

നാഷണൽ ഹൈവേയുടെ സമീപത്തുള്ള ആശുപത്രികളിലെ ട്രോമാ കെയർ യൂണിറ്റുകൾ സജ്ജമാക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള സെൻട്രൽ ട്രോമാകെയർ യൂണിറ്റിന്റെ ഒ.പി ഐ.സി.യു

പുതിയ പദ്ധതികൾ

21 കോടി 47 ലക്ഷം ചെലവിൽ സ്റ്റേറ്റ് ട്രോമാകെയർ യൂണിറ്റിനുള്ള പുതിയ കെട്ടിടം

30 കോടി ചെലവിൽ നബാർഡ് ധനസഹായത്തോടെയുള്ള ആശുപത്രി കെട്ടിട നിർമ്മാണം (ഒ ആന്റ് ജി ബ്ലോക്ക്),