ആലപ്പുഴ: 2019-2020 വർഷത്തിൽ 300 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. വിവിധ പദ്ധതികളാണ് വരുംവർഷത്തിൽ വിഭാവന ചെയ്തിട്ടുള്ളത്. കയർ കോർപ്പറേഷന്റെ ഉന്നമനത്തിനും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് മുൻതൂക്കം നൽകുന്നതെന്ന് ചെയർമാൻ ടി.കെ. ദേവകുമാർ പറഞ്ഞു.
കമ്പനിയുടെ അടൂർ ഡിവിഷനിൽ വർദ്ധിപ്പിച്ച ഉത്പാദനക്ഷമതയുള്ള നാല് ടഫ്‌റ്റിംഗ് ലൈനുകൾ, ടഫ്‌റ്റഡ് ഡോർ മാറ്റുകളുടെ മൂല്യവർദ്ധനയ്ക്കായി അടൂർ ഡിവിഷനിൽ സ്‌റ്റെൻസലിംഗ് യൂണിറ്റ്, ബേപ്പൂർ ഡിവിഷനിൽ മെത്ത നിർമ്മാണ യൂണിറ്റ്, ഉത്പാദനക്ഷമതയുള്ള ഓട്ടോമാറ്റിക് തറികൾ സ്ഥാപിച്ച് കയർ ഭൂവസ്ത്രം നിർമ്മാണം, കേരളത്തിലെ എല്ലാ ജില്ലകളിലുമായി രണ്ടായിരത്തിലധികം ചില്ലറ വില്പന കേന്ദ്രങ്ങളിലൂടെ കയർ ഉത്പന്നങ്ങൾ വിറ്റഴിക്കുക എന്നിവ പുതിയ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ്.
ചകിരി ലഭ്യതയിൽ സ്വയംപര്യാപ്തത നേടാൻ ലക്ഷദ്വീപിൽ ചകിരി മില്ലുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. 15 കോടി രൂപ ചെലവിൽ വിദേശ സാങ്കേതിക സഹായത്തോടെ മറൈൻ പ്ളൈവുഡിന് തുല്യമായ ചകിരി അധിഷ്ഠിത ബോർഡുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് കമ്പനിയുടെ കണിച്ചുകുളങ്ങര ഡിവിഷനിൽ ഉടൻ ആരംഭിക്കും. കയർ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി മന്ത്രി തോമസ് ഐസക് നൽകുന്ന മാർഗനിർദ്ദേശങ്ങളും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നുവെന്ന് ടി.കെ. ദേവകുമാർ പറഞ്ഞു. നടപ്പുവർഷം ഇതുവരെ 160 കോടി രൂപയുടെ വിറ്റുവരവാണ് കയർ കോർപ്പറേഷൻ നേടിയത്. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇത് 170 കോടിയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്.