ചാരുംമൂട്: നൂറനാട് പടനിലം മഹാശിവരാത്രി പിറ്റേന്നും ജനത്തിരക്കേറി.ദൂരസ്ഥലങ്ങളിൽ നിന്നുമെത്തിയവരായിരുന്നു ഏറെയും. ഇരുപത്തിയൊന്നു നന്ദികേശന്മാരെ ഒന്നിച്ച് ദർശിക്കാൻ ഏറെ തിരക്കായിരുന്നു. മഹാശിവരാത്രി നാളിലെന്നപോലയായിരുന്നു ക്ഷേത്രവും പരിസരവും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ നിന്നും കുടുംബസമേതമെത്തിയവരും പടുകൂറ്റൻ നന്ദികേശ ശില്പങ്ങൾ കണ്ടു മടങ്ങി. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം നാടകവും തുടർന്ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു. ഇന്നു രാവിലെ മുതൽ അതാത് കരക്കാരുടെ നന്ദികേശ ശില്പങ്ങളെ ക്ഷേത്ര പരിസരത്തുവച്ചു തന്നെ അഴിച്ചുമാറ്റും.