fisheries

ചേർത്തല:അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം 15 കോടി ചെലവഴിച്ച് ഉടൻ ആരംഭിക്കുമെന്ന് മന്ത്റി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.പദ്ധതി പ്രഖ്യാപനവും അർത്തുങ്കൽ മത്സ്യഭവൻ സമർപ്പണവും മത്സ്യഫെഡിന്റെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്റി.മത്സ്യബന്ധന തുറമുഖങ്ങൾക്ക് കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ലെങ്കിലും തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി അവയുടെ പൂർത്തീകരണം പിണറായി സർക്കാർ യാഥാർത്ഥ്യമാക്കും.മത്സ്യത്തൊഴിലാളി മേഖലയിൽ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.വീടും തൊഴിലുപകരണങ്ങളും നൽകുന്നതിന് പുറമെ തൊഴിലാളിക്ഷേമത്തിനുമാണ് മുൻഗണന. കോടികൾ ചെലവഴിച്ച് വൻകിട വള്ളങ്ങൾ വാങ്ങുന്നതിൽനിന്ന് തൊഴിലാളികൾ പിന്തിരിയണം. ചെറുവള്ളങ്ങൾ വാങ്ങാൻ പലശരഹിത വായ്പ ലഭ്യമാക്കും.മീനിന് ന്യായവില ലഭ്യമാക്കുന്ന പദ്ധതി മത്സ്യഫെഡ് മുഖേന നടപ്പാക്കുമെന്നും മന്ത്റി പറഞ്ഞു. മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനായി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹരോൾഡ്,ഹാർബർ എൻജിനിയറിംഗ് ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ നന്ദിയും പറഞ്ഞു.