അമ്പലപ്പുഴ : നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ല. കരുമാടിയിലും കഞ്ഞിപ്പാടത്തുമാണ് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്.
കരുമാടി ജംഗ്ഷന് കിഴക്ക് പടഹാരം റോഡിൽ കന്നിട്ടച്ചിറ ഭാഗത്ത് യുഡിസ്‌മാറ്റിന്റെ പൈപ്പുപൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയിലേറെയായി. നിരവധി തവണ വാട്ടർ അതോറിട്ടി അധികൃതരെ വിവരം അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് എട്ടാം വാർഡ് കഞ്ഞിപ്പാടം വട്ടപ്പായിത്തറ - തുരുത്തിച്ചിറ ഭാഗത്ത് പൈപ്പുപൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ഞിപ്പാടത്ത് എൽ.പി.സ്കൂളിനു സമീപമുള്ള പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.ഇവിടെ ടാങ്ക് സ്ഥാപിച്ചിട്ടില്ല. പമ്പിംഗ് നടക്കുമ്പോൾ മാത്രമേ കുടിവെള്ളം ലഭിക്കൂ. വേനലിനൊപ്പം വൈദ്യുതി മുടക്കം പതിവായപ്പോൾ പമ്പിംഗ് സ്ഥിരമായി നടക്കാറുമില്ല. പമ്പിംഗ് നടക്കുന്ന സമയത്ത് പൊട്ടിയ പൈപ്പിലൂടെ ജലം പാഴാകുന്നതുമൂലം പല പ്രദേശത്തേക്കും വെള്ളം എത്താറുറില്ല. ഈ പ്രദേശങ്ങളിലെ ജലസ്രോതസുകളെല്ലാം കനത്ത ചൂടിൽ വറ്റിവരണ്ടു . കുടിക്കാനും, മറ്റാവശ്യങ്ങൾക്കുമുള്ള വെള്ളം എത്തിക്കാൻ ജനം ഏറെ ക്ലേശിക്കുകയാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പലരും വെള്ളം ശേഖരിക്കുന്നത്.
ദൂരസ്ഥലങ്ങളിൽ പോയാണ് നാട്ടുകാർ കുടിവെള്ളം ശേഖരിക്കുന്നത്. അധികൃതരുടെ അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും -
കരുമാടി മുരളി (അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തംഗം)