ഗ്ളാമർ പോരാട്ടത്തിന് ബഹുവർണ പോസ്റ്ററുകളും
ആലപ്പുഴ : സ്ഥാനാർത്ഥിയുടെ ചിരിക്കുന്ന മുഖവുമായി ഇടവഴിയിലും നടവഴിയിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകൾ ചില്ലറക്കാരല്ല. ഒരു വോട്ടറെയൊക്കെ സ്വാധീനിക്കാൻ പോസ്റ്ററിന് കഴിയുമെന്നാണ് രാഷ്ട്രീയക്കാരുടെ പക്ഷം. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ബഹുവർണ പോസ്റ്ററുകളുടെ മായാലോകമാണ് തുറക്കപ്പെടുന്നത്. സ്ഥാനാർത്ഥി ചിരിക്കുന്നത്, നടന്നുവരുന്നത്...... തുടങ്ങി വിവിധ പോസുകൾ പോസ്റ്ററിൽ നിറയും.
കെ.സി.വേണുഗോപാലും എ.എം.ആരിഫും പോരടിക്കുന്ന ആലപ്പുഴ മണ്ഡലത്തിൽ പോസ്റ്ററുകളും താരങ്ങളാകുമെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പിലെ ഗ്ളാമർ മുഖങ്ങളാണ് ഇരു പക്ഷത്തെയും സ്ഥാനാർത്ഥികൾ. കൂടുതൽ ആകർഷിക്കുന്ന പോസ്റ്ററുകളിറക്കാനാകും ഇനി മത്സരം.
വോട്ട് മറിയുന്നതിന് പിന്നിൽ ഗ്ളാമറിനും വ്യക്തിത്വത്തിനും ചെറിയ സ്വാധീനമുണ്ടെന്ന് പറയാതിരിക്കാനാകില്ല. ശശി തരൂരിനെപ്പോലെയുള്ളവർ ആ പകിട്ട് നന്നായി ആസ്വദിക്കുന്നവരാണ്.
വർണ്ണപോസ്റ്ററുകൾ ഇറക്കുന്നതിൽ എന്നും ശ്രദ്ധപുലർത്തുന്നവരാണ് ആരിഫും കെ.സിയും. തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ ഹൃദ്വിസ്ഥമാക്കിയവരും. പ്രായത്തിലും ഇരുവരും ഏതാണ്ട് ഒരുപോലെ.
കഴിഞ്ഞ രണ്ട് തവണ പാർലമെന്റിലേക്കും മൂന്ന് തവണ നിയമസഭയിലേക്കും കെ.സി മത്സരിച്ചപ്പോൾ ഗ്ളാമർതാരമെന്ന പിൻബലം പ്ളസ് പോയിന്റായിരുന്നു. ഇക്കുറി ആരിഫെത്തിയതോടെ ഗ്ളാമറിനെ അതേ തൂക്കത്തിൽ നേരിടുകയാണ് എൽ.ഡി.എഫ്. ആരിഫ് മൂന്ന് തവണ അരൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ കണ്ണഞ്ചിപ്പിച്ച പോസ്റ്ററുകളായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ടത്. മറ്റ് ഇടതു സ്ഥാനാർത്ഥികളുടെ പോസ്റ്ററിനേക്കാളും ഒരു പണത്തൂക്കം മുന്നിലായിരുന്നു ആരിഫിന്റെ ബഹുവർണ പോസ്റ്ററുകൾ. അത് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും പ്രതീക്ഷിക്കാം.കെ.സി വേണുഗോപാലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. വോട്ടർമാരെ ആകർഷിക്കുന്നതിൽ പോസ്റ്ററുകൾക്കുള്ള പങ്ക് വളരെ വലുതാണ്. സ്ഥാനാർത്ഥികളുടെ ഫോട്ടോ ഷൂട്ട് നടത്തി പോസ്റ്ററുകളിറക്കാൻ പ്രത്യേക ടീം തന്നെയുണ്ട്.
#അച്ചടി ശിവകാശിയിൽ നിന്ന്
1200 ബൂത്തുകളാണ് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലുള്ളത്. ഒരു ബൂത്തിന് 500 പോസ്റ്റർ വീതമാണ് നൽകുന്നത്. ആറ് ലക്ഷം പോസ്റ്ററുകൾ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിവരും. വോട്ടെടുപ്പിൻെറ തലേദിവസം ബൂത്തുകളുടെ പരിസരത്ത് കെട്ടാൻ പോസ്റ്ററുകൾ വേറെയും . ഒരു സ്ഥാനാർത്ഥിയുടെ തന്നെ അഞ്ചും അറും രീതിയിലുള്ള വ്യത്യസ്ത പോസ്റ്ററുകൾ ഇറങ്ങും. ശിവകാശിയിലാണ് പാേസ്റ്ററുകളുടെ പ്രിന്റിംഗ്. ഡിസൈൻ അടക്കമുള്ള ജോലികൾ എറണാകുളത്താണ് പ്രധാനമായും ചെയ്യുന്നത്. ആലപ്പുഴയിൽ പോസ്റ്ററുകൾ തയ്യാറാക്കുന്ന രണ്ട് ഏജൻസികളുണ്ട്. മൾട്ടി കളറിലെ ഒരു പാേസ്റ്ററിന് ചെലവ് ആറും ഏഴും രൂപയാണ്. പോസ്റ്ററിൻെറ വലിപ്പത്തിനനുസരിച്ച് വിലയിലും വ്യത്യാസം വരും. പ്രചാരണരംഗത്ത് പോസ്റ്ററും ചുവരെഴുത്തും പ്രധാനമാണ്. ഇതൊക്കെ നോക്കി വോട്ടു ചെയ്യുന്നവരുമുണ്ട്.
കാലം മാറിയതോടെ പ്രചാരണത്തിന് പുതിയമുഖമാണ്. സോഷ്യൽ മീഡിയയാണ് ഇപ്പോൾ പ്രധാന പ്രചാരണായുധം. സ്ഥാനാർത്ഥികളുടെ പല വർണത്തിലുള്ള പോസ്റ്ററുകൾ ഫേസ്ബുക്കിലും വാട്സ് ആപ്പിലും മിന്നിത്തിളങ്ങുകയാണ്. സ്ഥാനാർത്ഥിയെ സ്നേഹിക്കുന്നവരും അണികളുമെല്ലാം സ്വന്തം ഭാവനയ്ക്കനുസരിച്ച് പോസ്റ്ററുകൾ പടച്ച് വിടുന്നു.