മാവേലിക്കര : ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചുംമാങ്ങയാണ്. ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ്. കുംഭഭരണിയടുത്തതോടെ കൊഞ്ചും മാങ്ങയും കടകളിൽ സുലഭമായി ലഭിക്കുന്നുണ്ട്.
കുംഭഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത്‌കൊണ്ടിരുന്ന വീട്ടമ്മ കുത്തിയോട്ട ഘോഷയാത്ര വരുന്നതുകണ്ട്ന്നപ്പോൾ, കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർത്ഥിച്ചിട്ട് ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് ഓടിയെത്തിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഇത് നാട്ടിലാകെ പ്രചരിച്ചു. ഇതോടെ കൊഞ്ചുംമാങ്ങ കരകളിലെ ഇഷ്ടവിഭവമായി.
കരകളിലൂടെ
കണ്ണമംഗലം തെക്ക്
ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കരയാണ് കണ്ണമംഗലം തെക്ക്. ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറാണ് കരയുടെ സ്ഥാനം. കണ്ണമംഗലം മഹാദേവക്ഷേത്രത്തിന് മുന്നിലാണ് കരയുടെ കെട്ടുകാഴ്ചയായ തേര് ഒരുങ്ങുന്നത്. കെട്ടുകാഴ്ചയുടെ രണ്ട് തണ്ടും അച്ചുതണ്ടും ഇക്കുറി പുതുക്കി പണിതിട്ടുണ്ട്. കണ്ണമംഗലം തെക്ക് ഹൈന്ദവ കരയോഗം ഭാരവാഹികൾ - ശബരിനാഥ് (പ്രസിഡന്റ്), എൻ.രാജൻ (സെക്രട്ടറി), പി.രാജേഷ്, ആർ.സുകുമാരൻ, സുമേഷ് പിള്ള (കൺവെൻഷൻ അംഗങ്ങൾ).
കണ്ണമംഗലം വടക്ക്
ആറാമത്തെ കരയാണ് കണ്ണമംഗലം വടക്ക്. ക്ഷേത്രത്തിന് പടിഞ്ഞാറാണ് കരയുടെ സ്ഥാനം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ മൂലയ്ക്കാട്ടുചിറയിലാണ് കെട്ടുകാഴ്ചയായ തേര് ഒരുക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തുടക്കം മുതൽ പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചിരുന്ന ഏലംപാട്ടിൽ ഇല്ലവും രേവതി നാളിൽ ഇറക്കിപ്പൂജ നടത്തുന്ന കോളശ്ശേരിൽ ക്ഷേത്രവും കണ്ണമംഗലം വടക്ക് കരയിലാണ്. കണ്ണമംഗലം വടക്ക് ഹൈന്ദവ കരയോഗം ഭാരവാഹികൾ- വി.ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), എസ്.ഷാജി (സെക്രട്ടറി), രാജേന്ദ്രൻ നായർ (കൺവൻഷൻ എക്സി.അംഗം), വേണു ജി.ജയകൃഷ്ണൻ (കൺവെൻഷൻ അംഗങ്ങൾ)
കൈത തെക്ക് കരയിലെ ഉത്സവ
നടത്തിപ്പിന് സ്പെഷ്യൽ ഓഫീസർ
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കൈതതെക്ക് കരക്കാർ ഈ വർഷം നടത്തേണ്ട കുംഭഭരണി കെട്ടുകാഴ്ച, എതിരേൽപ്പ് ഉത്സവം, അശ്വതി മഹോത്സവം എന്നിവ നടത്തുന്നതിനായി ഹൈക്കോടതി പി.രാമചന്ദ്രനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ജനുവരി 13ന് നടന്ന ഹൈന്ദവ കരയോഗ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എസ്.ശശി, കെ.രാമചന്ദ്രൻ എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് പി.ആർ രാമചന്ദ്രൻ, ജസ്റ്റിസ് അനിൽ കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ആർ.കൃഷ്ണരാജ് ഹാജരായി.