ആലപ്പുഴ : ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് കരിമ്പാവളവ് സജി ഭവനം വീട്ടിൽ അനന്തകൃഷ്ണനെയാണ്(കണ്ണൻ-22) ഇന്നലെ വൈകിട്ട് കപ്പക്കടയിലെ പെട്രോൾ പമ്പിനു സമീപത്തു നിന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ വി.റോബർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്ന് കഞ്ചാവ് വാങ്ങി ആലപ്പുഴ,പുന്നപ്ര,അമ്പലപ്പുഴ,വണ്ടാനം ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. ആന്ധ്രയിൽ നിന്നും കഞ്ചാവുമായി നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണന്റെ പുന്നപ്രയിലെ താമസസ്ഥലവും പരിസര പ്രദേശങ്ങളും ഷാഡോ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കാനായി കപ്പക്കടയിലെത്തിയപ്പോഴാണ് പിടിയിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെയും മാരകായുധങ്ങളുമായി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലേയും പ്രതിയാണ്. അമ്പലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എ.കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.അനിലാൽ,വി.അരുൺ, ടി.ജിയേഷ്,എസ്സ്.ശ്രീജിത്ത്,എൻ.പി.അരുൺ, ഡ്രൈവർ സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
ട്രെയിനുകൾ മാറിക്കയറും
നാലിൽ കൂടുതൽ തവണ ആന്ധ്രയിലെ നെല്ലൂരിൽ നിന്നും കഞ്ചാവ് വാങ്ങിച്ചിട്ടുണ്ടെന്നും പിടിക്കപ്പെടാതിരിക്കാനായി ട്രെയിനുകൾ മാറിക്കയറിയും ലോക്കൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തുമാണ് കഞ്ചാവ് നാട്ടിലെത്തിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ കണ്ണൻ വെളിപ്പെടുത്തി. മൂന്ന് മാസം മുമ്പ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കഞ്ചാവുമായി വരെവേ എക്സൈസ്, റെയിൽവേ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് കണ്ട് രക്ഷപ്പെട്ടതായും സമ്മതിച്ചു. പിടിക്കപ്പെടുമെന്ന് സംശയം തോന്നിയാൽ കഞ്ചാവ് ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയും.
ആന്ധ്രാപ്രദേശിലെ കഞ്ചാവ് തോട്ടങ്ങളിൽ ഇപ്പോൾ വിളവെടുപ്പ് സീസണാണ്. കിലോയ്ക്ക് രണ്ടായിരം രൂപ മുതൽ കഞ്ചാവ് ലഭിക്കും.