ചേർത്തല:മെറ്റൽ വിരിച്ചിട്ട് തുടർ ജോലികൾ നടത്താത്തതിനാൽ വയലാർ പഞ്ചായത്ത് നാലാം വാർഡിലെ പുതുമന -പള്ളിക്കുളങ്ങര റോഡിൽ കാൽനടയാത്ര പോലും ദുരിതമായി.ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ ഒരു കിലോമീറ്റർ ഭാഗത്താണ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് മെറ്റൽ വിരിച്ചത്. ഇതിനുശേഷം ഒരു ജോലിയും നടന്നില്ല. ഇളകി കിടക്കുന്ന മെറ്റലിൽ തട്ടി നിയന്ത്രണം തെറ്റി ഇരുചക്രവാഹനങ്ങൾ നിലംപൊത്തുന്നത് നിത്യസംഭവമാണ്.കാൽനടയാത്രക്കാരും മെറ്റലിൽ തട്ടി നിലത്ത് വീഴുന്നുണ്ട്.
റോഡിന്റെ ഒരു കിലോമീറ്റർ ഭാഗം മെറ്റൽ വിരിച്ച നിലയിലും തുടർന്നുള്ള അര കിലോമീറ്റർ ഭാഗം കുണ്ടും കുഴിയും നിറഞ്ഞ നിലയിലുമാണ്.വയലാർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് അവസാനിക്കുന്ന റോഡ് നാഗം കുളങ്ങര കവലയിൽ നിന്ന് എട്ടുപുരയ്ക്കലേയ്ക്കുള്ള റോഡിന്റെ ബൈ റോഡാണ്.വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് പേർ ദിവസേന ഇതുവഴി യാത്ര ചെയ്യുന്നു.പള്ളിക്കുളങ്ങര ക്ഷേത്രം,മുസ്ലിം പള്ളി എന്നീ ആരാധനാലങ്ങളിലേയ്ക്ക് വിശ്വാസികൾ സഞ്ചരിക്കുന്ന മാർഗം കൂടിയാണ് ഇത്.റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ സമീപത്തെ മണിയേഴത്ത് കോളനിയിലെ താമസക്കാർക്കും പ്രധാന പാതയിലേയ്ക്കുള്ള സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം ഉൾപ്പെടെ നടത്താൻ ആലോച്ചിക്കുകയാണ് നാട്ടുകാർ.
പ്രദേശ വാസികളുടെ യാത്രാ ദുരിതത്തിന് അടിയന്തിരമായി പരിഹാരം കാണണം. റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നത് കാലങ്ങളായി നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നതാണ് .
വിനോദ് കോയിക്കൽ