ചേർത്തല:പമ്പ്സെറ്റ് ഉപയോഗിച്ചുള്ള ജലചൂഷണം നിയന്ത്റിക്കാൻ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കെ.എസ്.ഇ.ബി അസി. എൻജിനിയർ.പട്ടണക്കാട് മേനാശേരി വിസ്മയം വീട്ടിൽ കെ.സി.ബൈജുവിന്റേതാണ് കണ്ടുപിടിത്തം.കെ.എസ്.ഇ.ബി ആസ്ഥാനത്ത് ചീഫ് സേഫ്റ്റി കമീഷണറുടെ കീഴിൽ ഇന്നവേഷൻ വിഭാഗത്തിൽ ജോലിനോക്കുന്ന ഉദ്യോഗസ്ഥനാണ് ബൈജു .
40 ലക്ഷത്തിലേറെ പമ്പ്സെറ്റുകളാണ് ഗാർഹിക ആവശ്യത്തിന് ജലമെടുക്കാൻ സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഇവയിലേറെയും 0.5 മുതൽ 1.5 കുതിരശക്തിയുള്ളതാണ്. ഇങ്ങനെ ശക്തികൂടിയ പമ്പ് ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നത് വേനൽക്കാലത്ത് ഭൂജലനിരപ്പ് വൻതോതിൽ ഇടിയുന്നതിനും ജലദൗർലഭ്യം രൂക്ഷമാകുന്നതിനും കാരണമാകും.മലിനജലം ലഭ്യമാകുന്ന അവസ്ഥയും സംജാതമാകും.ഉറവകളുടെ ഗതിമാറുന്നതിനാൽ കോളിഫോം ബാക്ടീരിയ ഉൾപ്പെടെ വെള്ളത്തിൽ കലരുന്നതിനും ഇടയാകും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് 'സീക്വൻഷ്യൽ മൈക്രോ പമ്പിംഗ് ടെക്‌നോളജി'(എസ്.എം.പി.ടി) സാങ്കേതികവിദ്യ ബൈജു വികസിപ്പിച്ചത്.ഉറവകളിൽ ഒഴുകിയെത്തുന്ന ജലം അപ്പോൾ തന്നെ വലിച്ചെടുക്കുന്നതാണ് സംവിധാനം.തന്മൂലം ശുദ്ധജലം ലഭ്യമാകും.ഡി.സി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒന്നിലധികം ചെറുപമ്പുകളും അവയുടെ പ്രവർത്തനം നിയന്ത്റിക്കുന്നതിന് പ്രത്യേക ഇലക്‌ടോണിക് സർക്യൂട്ടും ചെറിയ താത്ക്കാലിക ജലസംഭരണിയുമാണ് ഇതിനുള്ള ഘടകങ്ങൾ.മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് സൗരോർജ പാനലും ഇതിലുണ്ട്.സാധാരണ വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.ഇരുനില കെട്ടിടത്തിലെ സംഭരണിയിൽ വെള്ളം എത്തിക്കാൻ മൂന്ന് പമ്പുകൾ ഉൾക്കൊള്ളുന്നതാണ് സംവിധാനം. 5000 രൂപയോളം മാത്രമാണ് ചെലവ്. ചെടികൾക്ക് ജലസേചനത്തിനാണെങ്കിൽ രണ്ട് പമ്പുകൾ മതിയാകും.കൂടുതൽ വെള്ളം ആവശ്യമുള്ളപ്പോൾ മാത്രം നിലവിലുള്ള വലിയ മോട്ടോർ പ്രവർത്തിപ്പിച്ചാൽ മതി. ബൈജുവിന്റെ 47-ാമത്തെ കണ്ടുപിടിത്തമാണ് എസ്.എം.പി.ടി. നേരത്തെ സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ നേടിയിട്ടുണ്ട്. ബൈജുവിന്റെ കണ്ടുപിടിത്തങ്ങളിൽ ചിലത് കെ.എസ്.ഇ.ബി ഉപയോഗിക്കുന്നുണ്ട്. വൈക്കം ആശ്രമം സ്‌കൂൾ അദ്ധ്യാപിക അശ്വതിയാണ് ഭാര്യ. മകൻ അക്ഷയ് ബൈജു പട്ടണക്കാട് പബ്ലിക് സ്‌കൂൾ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ്.