pkl-1

പൂച്ചാക്കൽ : മൂന്ന് വയസുകാരിക്ക് ചികിത്സാ സഹായവുമായി ഓട്ടോ തൊഴിലാളികൾ . പാണാവള്ളി പഞ്ചായത്ത് അഞ്ചാംവാർഡ് ആഫിസ് പറമ്പിൽ മിമിക്രി കലാകാരനായ അജികുമാറിന്റെയും ഗായികയായ കലാഭവൻ രാഖിയുടെയും മകൾ മൂന്നുവയസുകാരി ആരാധ്യയ്ക്കാണ് കായംകുളത്തെ ഓട്ടോ തൊഴിലാളികൾ സഹായവുമായെത്തിയത്.

പാണാവളളി പ്രദേശത്ത് രോഗം ബാധിച്ചവർക്ക് സഹായഹസ്തവുമായി ഇടക്കിടെ കായംകുളം ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒാട്ടോറിക്ഷാ തൊഴിലാളി കൂട്ടായ്മ എത്താറുണ്ട്. തങ്ങളുടെ അദ്ധ്വാന വിഹിതമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇവർ ചെലവഴിക്കുന്നത്. ആരാധ്യയ്ക്ക് ജന്മനാ മൂത്രസഞ്ചിയിലെ ഞരമ്പുകളിലുണ്ടായ തകരാറിനുള്ള ചികിത്സ ഇപ്പോഴും തുടരുകയാണ്. അജിയുടെ സുഹൃത്ത് നിസാം വഴിയാണ് സംഘടന വിവരം അറിയുന്നത്. തുടർന്നാണ് ഇന്നലെ സഹായവുമായെത്തിയത്.‌‌ ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ സഹായം കൈമാറി. 20 വർഷമായി എഴുന്നേറ്റിരിക്കാൻപോലും കഴിയാത്ത പാണാവള്ളി എട്ടാം വാർഡിലെ ഗീതക്കും ഇതോടൊപ്പം സഹായം വിതരണം ചെയ്തു. കഴിഞ്ഞ വർഷം തിരവോണ നാളിൽ സംഘടനയുടെ നേതൃത്വത്തിൽ ഇരുമ്പിന്റെ കട്ടിലും കിടക്കയും ഗീതക്ക് വാങ്ങിനൽകിയിരുന്നു. സംഘടന രക്ഷാധികാരി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി മനോജ്,പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി നിസാമുദ്ദീൻ, ട്രഷറർ മുഹമ്മദ് കുഞ്ഞ്, കോ–ഒാർഡിനേറ്റർ കലാഭവൻ സുനിൽ എന്നിവരാണ് സഹായവുമായി എത്തിയത്.


.