തുറവൂർ: വാഹനാപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ആദി കൃഷ്ണയ്ക്കും ദിയ കൃഷ്ണയ്ക്കും എസ്.എൻ.ഡി.പി യോഗം ശാഖ പ്രവർത്തകരുടെ കൈത്താങ്ങ്.
പറയകാട് നോർത്ത് 4365-ാം നമ്പർ ശാഖാംഗമായിരുന്ന ചങ്ങരംതോട് കണ്ടത്തിച്ചിറയിൽ കൃഷ്ണലാൽ (ഉണ്ണി ) - മീനു ദമ്പതികളുടെ മക്കളാണ് ഇരുവരും. ഒരു മാസം മുൻപ് തിരുവല്ലയ്ക്കടത്തുണ്ടായ വാഹനാപകടത്തിൽ കൃഷ്ണലാൽ മരിക്കുകയും മീനുവിനും മകനും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ചികിത്സാ സഹായം കൈമാറുന്നതിന് മുമ്പ് മീനുവും മരണത്തിന് കീഴടങ്ങി.
അന്ന് ശാഖാ അതിർത്തിയിൽ നിന്ന് രണ്ടര മണിക്കൂർ കൊണ്ട് 2.08 ലക്ഷം രൂപയാണ് സമാഹരിച്ചത്. മരണാനന്തര ചെലവ് കഴിഞ്ഞ് ബാക്കി വന്ന 1.93 ലക്ഷം രൂപ കുട്ടികളുടെ പേരിൽ പറയകാട് സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന്റെ സർട്ടിഫിക്കറ്റ് ശാഖായോഗം പ്രസിഡന്റ് ആർ. ബിജു കണ്ടത്തിച്ചിറ വീട്ടിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് കൈമാറി. ശാഖ സെക്രട്ടറി അജയൻ പറയകാട്, യോഗം ഡയറക്ടർ ബോർഡ് അംഗം ബാലേഷ് ഹരികൃഷ്ണ, ശാഖാ യോഗം കമ്മിറ്റി അംഗങ്ങളായ ദിലീപ് ദാസ്, റോമേഷ് ചന്ദ്രദത്ത്, കെ.കെ.സന്തോഷ്, സിനേഷ്, സന്തോഷ് മരോട്ടിക്കൽ, ബബീഷ്, രാജകല, കുടുംബ യൂണിറ്റ്, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.