മാവേലിക്കര: നിർമ്മാണം നടക്കുന്ന കല്ലുമല തടത്തിലാൽ റോഡിൽ പൊടിശല്യം സഹിക്കാൻ കഴിയാതെ നാട്ടുകാരും വ്യാപാരികളും ചേർന്ന് കരാറുകാരന്റെ വാഹനങ്ങൾ തടഞ്ഞിട്ടു. ഇന്നലെ രാവിലെ 10.30ഓടെ തടത്തിലാൽ ജംഗ്ഷനിലായിരുന്നു മെറ്റലും പാറപ്പൊടിയും ചേർന്ന മിശ്രിതം കയറ്റിവന്ന ടോറസ് വാഹനങ്ങൾ തടഞ്ഞിട്ടത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് നനയ്ക്കുന്നതിൽ തീരുമാനമുണ്ടാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ അവശ്യം.
നിർമ്മാണം ആരംഭിച്ച് ഒരു ദിവസം മാത്രമാണ് റോഡ് നനച്ചതെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളം ശേഖരിക്കാൻ പ്രദേശവാസികൾ അനുവദിക്കുന്നില്ലെന്നും വെള്ളം എത്തിക്കേണ്ട ടാങ്കർ ലോറി തകരാറിലാണെന്നും കരാർ കമ്പനി ജീവനക്കാരൻ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ പൊലീസ് റോഡ് നനയ്ക്കണമെന്ന് നിർദ്ദേശം നൽകി. ടാങ്കർ ലോറിയുടെ തകരാർ പരിഹരിച്ചാലുടൻ റോഡ് നനയ്ക്കാമെന്ന് കരാർ കമ്പനി ജീവനക്കാർ ഉറപ്പ് നൽകിയതോടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.