കായംകുളം: ബി.ജെ.പിക്കെതിരെ വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി പറഞ്ഞു. എൽ ഡി എഫ് കായംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലത്തിനുള്ളിൽ എം.എൽ.എമാർ അടക്കം എൺപതിലധികം വരുന്ന ജനപ്രതിനിധികളാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. നിലവിലെ പാർലമെന്റിൽ നൂറോളം വരുന്ന ബി.ജെ.പി എം.പിമാർ മുൻപ് കോൺഗ്രസുകാരായിരുന്നു. ഏറ്റവുമൊടുവിൽ കോൺഗ്രസ് ദേശീയ വക്താവായ ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്തയാണ് പുറത്തുവന്നത്. ഇതിൽ നിന്നൊന്നും പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികൾ ഒപ്പിയെടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും എം.എ. ബേബി പറഞ്ഞു.