chi


കുട്ടനാട്: കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് അരങ്ങേറിയ ഏറ്റവും വലിയ അഴിമതിയുടെ തുടർച്ചയാണ് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി രാജു പറഞ്ഞു. എൽ.ഡി.എഫ് മാവേലിക്കര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ കുട്ടനാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്തിയാക്കിയത് കോൺഗ്രസാണ്. അധികാരത്തിൽ വരാൻ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. എന്നാൽ ഇവയൊന്നും നടപ്പിലാക്കിയില്ല. സുപ്രീം കോടതിയിലെ ജഡ്ജിമാർ പോലും പത്രസമ്മേളനം നടത്തേണ്ടി വന്നത് ഈ സർക്കാരിന്റെ കാലത്താണ്. റിസർവ് ബാങ്ക് ഗവർണർ, സി.ബി.ഐ തലവൻ എന്നിവർ രാജിവയ്‌ക്കേണ്ടി വന്നു. ബി.ജെ.പി സർക്കാർ സംരക്ഷിച്ചത് നീരവ് മോദിമാരെയും വിജയ മല്യയെ പോലുള്ളവരെയുമാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം കുട്ടനാട് മണ്ഡലം പാർട്ടി കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.ആർ. ഭഗീരഥൻ അദ്ധ്യക്ഷനായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സജി ചെറിയാൻ എം.എൽ.എ, സി.കെ. സദാശിവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ.കെ. അശോകൻ, ജി. ഉണ്ണിക്കൃഷ്ണൻ, കെ. പ്രകാശൻ, കെ.ഡി. മോഹൻ എന്നിവർ സംസാരിച്ചു. അഡ്വ. ജോയിക്കുട്ടി ജോസ് സ്വാഗതവും കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.