fire


മാന്നാർ: ചതുപ്പിൽ താഴ്ന്ന ഗർഭിണിപ്പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടമ്പാട്ട് കിഴക്കേതിൽ കനകമ്മയുടെ പശുവാണ് മാന്നാർ വിഷവർശേരിക്കര ഊരുമഠം ദേവീ ക്ഷേത്രത്തിന് സമീപം പാടത്തിലെ ചതുപ്പിൽ താഴ്ന്നത്.

ബുധനാഴ്ച രാവിലെ ഇവിടെ കെട്ടിയ പശുവിനെ വൈകുന്നേരം അഴിക്കാനെത്തിയപ്പോൾ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ചതുപ്പിൽ പുതഞ്ഞ നിലയിൽ കണ്ടത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും പശുവിനെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇന്നലെ മാവേലിക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം പരിശ്രമിച്ച് കരയ്ക്കെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി ഡോക്ടർ പശുവിനെ പരിശോധിച്ചെങ്കിലും അവസ്ഥ ഗുരുതരമാണ്.