photo

ചേർത്തല : ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം ആസ്പദമാക്കി ചോറ്റാനിക്കര സ്വദേശി സുധർമ്മ ഗിരിജൻ വരച്ച ചിത്രങ്ങൾ കാണികളെ ആകർഷിക്കുന്നു. ഗുരുവിന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള ചരിത്രം 30 ചിത്രങ്ങളിലായാണ് സുധർമ്മ വരച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിൽ നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ചാണ് സുധർമ്മയുടെ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.

മയ്യനാട് കെ.ദാമോദരൻ,കോട്ടുകോയിക്കൽ വേലായുധൻ,മൂർക്കോത്ത് കുമാരൻ,ഡോ.ടി.ഭാസ്ക്കരൻ,എം.രാധാകൃഷ്ണൻ,സച്ചിദാനന്ദ സ്വാമി എന്നിവരുടെ കൃതികൾ വായിച്ചാണ് ചിത്ര രചന നടത്തിയത്. അക്രലിക് പെയിന്റിംഗിലാണ് ചിത്രങ്ങൾ. നൂറുകണക്കിന് പേരാണ് ഈ ചിത്രങ്ങൾ കാണാൻ എത്തുന്നത്.ഗുരു രചിച്ച വിനായകാഷ്ടകത്തിലെ ഗണേശ ചിത്രവും പ്രദർശനത്തിലുണ്ട്.

ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം അംബിക വിലാസത്തിൽ വി.ജി.ഗിരിജന്റെ ഭാര്യയായ സുധർമ്മ ചേർത്തല അർത്തുങ്കൽ തറമൂട് ആനന്ദ് ഹോമിൽ ഡോ.ചിദാനന്ദന്റെയും ലീലാവതിയുടെയും മകളാണ്.എസ്.എസ്.എൽ.സി പഠനത്തിന് ശേഷം ചേർത്തലയിലെ ആർട്ടിസ്റ്റ് വാര്യരുടെ ശിക്ഷണത്തിലാണ് ചിത്രരചന അഭ്യസിച്ചത്. തുടർന്ന് പാതിരപ്പള്ളിയിലെ കേരള ഫൈൻ ആട്ട്സിലും പഠനം നടത്തി. ചോറ്റാനിക്കരയിലുള്ള ടീച്ച് ആർട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.വിദ്യാർത്ഥികളായ അശ്വതി,അശ്വിൻ എന്നിവർ മക്കളാണ്.