a

മാവേലിക്കര: ശബരിമലയ്ക്ക് പിന്നാലെ ചെട്ടികുളങ്ങര ക്ഷേത്രത്തെയും പ്രധാന വഴിപാടായ കുത്തിയോട്ടത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ പറഞ്ഞു. കുത്തിയോട്ട നടത്തിപ്പുകാർക്കെതിരെ കേസ് എടുത്തതിൽ പ്രതഷേധിച്ച് മാവേലിക്കര സി.ഐ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി ജി.ജയദേവ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ. അനൂപ്, അനിൽ വള്ളികുന്നം, രാജേഷ് ഉണ്ണിച്ചേത്ത്, യുവമോർച്ച ജില്ല പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മഹിളാമോർച്ച ജില്ല പ്രസിഡന്റ് ശാന്തകുമാരി, മധു ചുനക്കര, എസ്.ഗിരിജ, ഹരീഷ് വള്ളികുന്നം, വിജയകുമാർ പരമേശ്വരത്ത്, ബി.ഹരികുമാർ, എസ്.രാജേഷ്, രാജേഷ് കുമാർ, സുരേഷ് പൂവത്തുമഠം എന്നിവർ സംസാരിച്ചു.

# നടപടി അവസാനിപ്പിക്കണം: എൻ.എസ്.എസ്

മാവേലിക്കര: കുത്തിയോട്ട വഴിപാടുകാർക്കെതിരെയുളള പൊലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ.ടി.കെ. പ്രസാദ് ആവശ്യപ്പെട്ടു. ചെട്ടികുളങ്ങര കുംഭഭരണി ഉത്സവവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്ന പ്രവൃത്തികൾ ക്ഷേത്രാചാരങ്ങളെ നശിപ്പിക്കുന്നതാണ്. വഴിപാടുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാൻ മാവേലിക്കര പൊലീസിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.