ആലപ്പുഴ : നാടെങ്ങും കിണറുകൾ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി കുഴൽക്കിണറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. കുഴൽക്കിണർ കുഴിക്കുന്നതിന് അനുമതി തേടിയുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായിട്ടുള്ളത്. സാധാരണ മാസങ്ങളിൽ മുപ്പതോളം അപേക്ഷകളാണ് കിട്ടിയിരുന്നതെങ്കിൽ ഈ മാസം ഇതുവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം നൂറു കവിഞ്ഞു.
പലേടത്തും പൊതുടാപ്പുകളിലും വെള്ളം ലഭിക്കാതായതോടെയാണ് കുഴൽക്കിണറിനെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നത്. പഞ്ചായത്തുകളുടെ നേതൃത്വത്തിലും കുടിവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നില്ല. പണം കൊടുത്ത് കുടിവെള്ളം മേടിക്കണ്ട ഗതികേടിലാണ് നാട്ടിൻപുറത്തുകാരും നഗരവാസികളും.
ജില്ലയുടെ തെക്ക്-കിഴക്കൻ പ്രദേശങ്ങളായ മാവേലിക്കര,ഹരിപ്പാട്, കാർത്തികപ്പള്ളി, ചുനക്കര, ചാരുംമൂട്,പാലമേൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കുഴൽക്കിണറിന് അനുമതി തേടിയുള്ള അപേക്ഷകരിൽ കൂടുതലും. രണ്ട് രീതിയിലുള്ള കുഴൽക്കിണർ നിർമ്മാണ രീതിയുണ്ട്. ബോർ വെല്ലും ട്യൂബ് വെൽ സംവിധാനവും. പാറയില്ലാത്ത കടലോര പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമ്മിക്കാൻ സാധിക്കില്ല. ഇവിടെ ട്യൂബ് വെല്ലാണ് അഭികാമ്യം. അതുകൊണ്ട് ജില്ലയിൽ അറ്റവും കൂടുതൽ പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ട്യൂബ് വെല്ലാണ്. കൃഷി ,ഗാർഹിക ആവശ്യത്തിനായി മാത്രമേ കുഴൽക്കിണർ നിർമ്മിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
......
കുഴൽക്കിണറിന് അപേക്ഷിക്കാൻ
ഭൂഗർഭജല വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുമതിയോടെ മാത്രമേ കുഴൽക്കിണറുകൾ നിർമ്മിക്കാൻ കഴിയൂ. ഭൂഗർഭജല അതോറിട്ടിയിൽ 555 രൂപയടച്ച്
അപേക്ഷയും കരം അടച്ച രസീതും ഹാജരാക്കണം. അപേക്ഷയുടെ അടിസ്ഥാനത്തിൽ വെളളത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ജിയോളജിസ്റ്റുകൾ സർവേ നടത്തും.സർവേയിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം കുറവാണെങ്കിൽ കിണറിന് അനുമതി ലഭിക്കില്ല. മണിക്കൂറിൽ 500 മുതൽ 50000 ലിറ്റർ വരെ വെളളം ലഭ്യമാകുന്ന കുഴൽക്കിണറുകളുണ്ട്.
നാലേമുക്കാൽ ഇഞ്ച്, ആറര ഇഞ്ച് എന്നിങ്ങനെ വ്യാസക്കണക്കിലാണ് കുഴൽക്കിണറിന്റെ നിർമ്മാണം.
.......
# ട്യൂബ് വെൽ
നഗര പ്രദേശങ്ങളിൽ കുടിവെള്ളം മുട്ടുമ്പോൾ വാട്ടർ അതോറിട്ടി ആശ്രയിക്കുന്ന ഏക കുടിവെള്ള സ്രോതസ് ട്യൂബ് വെല്ലാണ്. ചെളിയുടെ അടിത്തട്ട് കഴിഞ്ഞ് ഏറ്റവും അടിയിലുള്ള ഉറവയിൽ നിന്നാണ് വെള്ളം എത്തുന്നത്. ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് നദിയുടെ ഉറവകളിൽ നിന്ന് വറ്റാതെ വെള്ളം ലഭിക്കുന്നുണ്ട്. സാധാരണ കുഴൽക്കിണറിനേക്കാൾ ഗുണമേന്മയുള്ള വെള്ളം ലഭ്യമാകുന്നത് ട്യൂബ് വെല്ലിൽ നിന്നാണ്.
......
# നിയമം ലംഘിച്ചാൽ
ഭൂജലനിയമം അനുസരിച്ച് ഒരു കുഴൽക്കിണർ സ്ഥാപിച്ചാൽ അതിന്റെ 30 മീറ്ററിനുള്ളിൽ മറ്റ് കുടിവെള്ള സ്രോതസുകൾ കുഴിക്കരുതെന്നാണ് നിയമം. പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.
സാങ്കേതികമായ അറിവില്ലാതെയും ആധുനിക യന്ത്രസാമഗ്രികളുടെ സഹായമില്ലാതെയാണ് പലേടത്തും കുഴൽക്കിണർ നിർമാണം നടക്കുന്നത്. ലൈസൻസുള്ള തൊഴിലാളികളാണ് കുഴൽക്കിണറുകൾ കുഴിേക്കണ്ടത്. അനുമതിയില്ലാതെ കുഴൽക്കിണർ കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആദ്യ ഘട്ടത്തിൽ 2000 രൂപ വരെ പിഴ ഈടാക്കാനും പണി നിർത്തി വയ്പിക്കാനും ഭൂഗർഭ ജലവകുപ്പിന് അധികാരമുണ്ട്. ഇതും ലംഘിച്ച് പണി തുടർന്നാൽ 10000 രൂപ പിഴ ഇൗടാക്കുന്നതിനൊപ്പം മേൽ നടപടി കളക്ടർ സ്വീകരിക്കും. എന്നാൽ 12 മീറ്റർ താഴ്ചയിൽ ഗാർഹികമായി കുഴൽക്കിണറുകൾ നിർമ്മിക്കുന്നതിന് ഇളവുകൾ ഉണ്ട്.
" ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുഴൽക്കിണറിനുള്ള അപേക്ഷകൾ വർദ്ധിച്ച് വരികയാണ്. തെക്ക്-കിഴക്കൻ പ്രദേശങ്ങളിൽ നിന്നാണ് അപേക്ഷകൾ കൂടുതൽ .ജില്ലയിൽ കൂടുതൽ അഭികാമ്യം ട്യൂബ് വെല്ലാണ്
അനുരൂപ്, ജിയോളജിസ്റ്റ് -ഭൂഗർഭജല വിഭാഗം