ആലപ്പുഴ : മുഹമ്മ കണ്ണാർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിലെ തീ അണയ്ക്കാൻ കേസിലെ പ്രതികളായ സി.പി.എം,ഡി.വൈ.എഫ്.ഐ നേതാക്കൾ സഹകരിച്ചില്ലെന്ന് സാക്ഷികളായ ജയൻ, അമ്മ പുഷ്പവല്ലി, തിലകൻ,ബീന എന്നിവർ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എ.ബദറുദ്ദീൻ മുമ്പാകെ മൊഴി നൽകി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ
എട്ടു മുതൽ 13വരെയുള്ള സാക്ഷികളാണ് പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. ആദ്യരണ്ട് ദിവസം അഞ്ച് സാക്ഷികൾ കൂറുമാറിയിരുന്നു. 15-ാം സാക്ഷി മുതിർന്ന സി.പി.എം നേതാവ് ടി.കെ.പളനി മരണമടഞ്ഞ വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ചെല്ലിക്കണ്ടം രാഘവന്റെ 23സെന്റ് സ്ഥലവും പി.കൃഷ്ണപിള്ള ഒളിവിൽ താമസിച്ചിരുന്ന വീടുമാണ് പാർട്ടിക്ക് വിട്ടുനൽകിയതെന്ന് രാഘവന്റെ ഭാര്യ പുഷ്പവല്ലിയും മകൻ ജയനും കോടതിയെ അറിയിച്ചു. പി. കൃഷ്ണപിള്ള സ്മാരകത്തിൽ തീ പിടിച്ച വിവരം 2013 ഒക്ടോബർ 31ന് രാത്രി 1.30ന് കേസിലെ രണ്ടാം പ്രതിയും സി.പി.എം കണ്ണാർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ പി.സാബുവാണ് തങ്ങളോടു പറഞ്ഞത്. എന്നാൽ തീ അണയ്ക്കാൻ സാബു സഹകരിച്ചില്ല. രാഘവന്റെ സഹോദരൻ തിലകന്റെ മകനെ വിവരം അറിയിച്ചത് കേസിലെ മൂന്നാം പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ദീപുമോനാണ്. തിലകന്റെ വീടിന് സമീപമാണ് സ്മാരകം. സമീപത്തെ കുളത്തിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചതെന്ന് സാക്ഷികൾ മൊഴി നൽകി. പ്രതിചേർക്കപ്പെട്ട സി.പി.എം നേതാക്കൾ ഈ സമയം മൊബൈൽഫോണിൽ സംസാരിക്കുകയായിരുന്നെന്നും ഇവർ തീ അണയ്ക്കുന്നതിന് സഹകരിച്ചില്ലെന്നും തിലകനും ബീനയും മൊഴി നൽകി. കേസിൽ 79 സാക്ഷികളാണുള്ളത്. വിസ്താരം നാളെ തുടരും. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വി. ലുമുംബ ഹാജരായി.