ambalapuzha-news

അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ കുടിവെള്ള പൈപ്പുകളിൽ അറ്റകുറ്റപ്പണി തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച ജോലികൾ പൂർത്തിയാകാൻ മൂന്ന് ദിവസം കൂടി വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

തകഴി ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ ദിവസം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പിലെ തകരാർ പരിഹരിക്കുന്നതുവരെ പദ്ധതിയിൽ നിന്നുള്ള കുടിവെള്ളവിതരണവും മടങ്ങും. ഇപ്പോൾ തന്നെ ആലപ്പുഴ നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനായി തുടങ്ങിയ ആലപ്പുഴ കുടിവെളള പദ്ധതിയുടെ പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമാണ്.

കടപ്രയിൽ നിന്നും കരുമാടിയിലെ പ്ലാന്റിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളാണ് അടിക്കടി പൊട്ടുന്നത്.19 കി.മീറ്ററോളം നീളത്തിലാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും കേളമംഗലം, തകഴിഭാഗത്താണ് പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നത്. . പദ്ധതി കമ്മിഷൻ ചെയ്ത് 21 മാസത്തിനിടെ 36 തവണയാണ് ഈ ഭാഗത്ത് പൈപ്പുകൾ പൊട്ടിയത്. ഇത് വാട്ടർ അതോറിട്ടിക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തുന്നത്.

റോഡ് വെട്ടിപ്പൊളിക്കുന്നത് ഈ ഭാഗത്ത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതിനാൽ നാട്ടുകാരും രോഷാകുലരാണ്. അറ്റകുറ്റപ്പണി തീരുന്നതുവരെ പമ്പിംഗ് നിറുത്തി വയ്ക്കുന്നതിനാൽ കരുമാടി, അമ്പലപ്പുഴ, ആലപ്പുഴ നഗരം എന്നീ പ്രദേശങ്ങളിലെ കുടിവെള്ള വിതരണവും മുടങ്ങും.