r

ആലപ്പുഴ: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് എത്തിയ തരൂർ മുക്കാൽ മണിക്കൂറോളം വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനുമായി കൂടിക്കാഴ്ച നടത്തി.

ആലപ്പുഴയിലെ കോൺഗ്രസുകാർ തന്നെ പീഡിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി തരൂരിനോട് പറഞ്ഞു. നിരന്തരം തന്നെ പീഡിപ്പിച്ചിട്ടും ഒരു കോൺഗ്രസുകാരനും അന്വേഷിച്ചില്ല. ഇക്കൂട്ടരെല്ലാം ആലപ്പുഴ വിട്ടുപോയി. ആദ്യം സുധീരൻ പോയി. ഇപ്പോൾ കെ.സി. വേണുഗോപാലും പോയി. എ.എ.ഷുക്കൂറും തനിക്കെതിരെ അപവാദങ്ങൾ പറഞ്ഞു നടക്കുന്നു. അപവാദങ്ങളും കള്ളത്തരങ്ങളും പ്രചരിപ്പിച്ച കോൺഗ്രസിൻെറ അവസ്ഥ എന്തായി. ആലപ്പുഴ ജില്ലയിൽ ഒരു നിയമസഭ സീറ്റല്ലേ കോൺഗ്രസിനുള്ളൂ. കോൺഗ്രസ് നേതാക്കൾക്ക് അഹങ്കാരമാണ്. ഉടുതുണിക്ക് മറുതുണിയില്ലാതിരുന്നവരാണ് ഇപ്പോൾ തന്നെ അധിക്ഷേപിച്ച് നടക്കുന്നത്. കള്ളക്കേസിൽ കുടുക്കാൻ സുധീരൻ ശ്രമിച്ചു. കള്ളസാക്ഷി പറയാൻ തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ.പ്രതാപനെ ഉപയോഗിച്ചു. തന്നെ ഇവർ വേട്ടയാടിയിട്ടും മറ്റ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ തുലയ്ക്കാനല്ലേ നിറുത്തിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി തരൂരിനോട് ചോദിച്ചു.