അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 30ന് ആറാട്ടോടെ സമാപിക്കും. ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ 29 ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും.

നാളെ ഉച്ചയ്ക്ക് 12.08 നും 12.56 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും പുതുമന ശ്രീധരൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. വൈകിട്ട് 5 ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ. വിജയകുമാർ, തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ എന്നിവർ പങ്കെടുക്കും. രണ്ടാം ഉത്സവം മുതൽ അമ്പലപ്പുഴ വേലകളി നടക്കും. എട്ടുമുതൽ പത്തുവരെ ദിവസങ്ങളിൽ ദിവസങ്ങളിൽ ആനയൂട്ട് നടക്കും. ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണനാണ് ഭഗവാന്റെ തിടമ്പേറ്റുന്നത്. ഏഴാം ഉത്സവ നാളിൽ തകഴിയിൽ നിന്ന് കുടവരവ് , 8ന് കൊട്ടവരവ്, 9 ന് അമ്പനാട്ടുപണിക്കന്റെ വരവ്, ആറാട്ടു ദിനത്തിൽ നവരാക്കൽ ക്ഷേത്രത്തിൽ നിന്നു മാലയും ഉടയാടവും വരവ് എന്നിവയുണ്ടാവും.