ആലപ്പുഴ: തൃശൂരിലോ വയനാട്ടിലോ താൻ മത്സരിക്കുമെന്നും ഏത് സീറ്റിലാണെന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.ഡി.ജെ.എസിന്റെ അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിലെ സ്ഥാനാർത്ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. മാവേലിക്കരയിൽ തഴവ സഹദേവനും ആലത്തൂരിൽ ടി.വി.ബാബുവും ഇടുക്കിയിൽ ബിജുകൃഷ്ണനും മത്സരിക്കും. വയനാട്ടിലെയും തൃശൂരിലെയും സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. താൻ തൃശൂരിൽ മത്സരിക്കാനാണ് സാദ്ധ്യത. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൻ.ഡി.എയിലെ പ്രധാന കക്ഷിയായ ബി.ജെ.പിയുമായി ആലോചിച്ച് അവിടെ മത്സരിക്കുന്നത് ആലോചിക്കും. വയനാട് ബി.ജെ.പി ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കാൻ തയ്യാറാണ്. ഏത് നീക്കു പാേക്കിനും തയ്യാറാണ്.
തൃശൂരും വയനാടും തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ ആരുമായും ഏറ്റുമുട്ടാനുള്ള ആത്മവിശ്വാസമുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മത്സരിച്ചാൽ തോൽക്കുമെന്നതിനാലാണ് സുരക്ഷിത മണ്ഡലമെന്ന നിലയിൽ രാഹുൽ വയനാട്ടിൽ വരുന്നത്. അമേതിയിൽ സ്‌മൃതി ഇറാനിയോട് തോൽക്കുമെന്ന ഭീതിയിലാണ് മറ്റൊരു മണ്ഡലം തേടുന്നത്. കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതിയോട് രാഹുൽ ജയിച്ചത്. അന്ന് സ്മൃതി ഇറാനിയെ ആർക്കും അറിയില്ലായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ന് അവർ ഇന്ത്യയിൽ നിറഞ്ഞുനിൽക്കുന്നു. കേരളത്തിൽ എൻ.ഡി.എക്ക് നാലഞ്ച് സീറ്റുകളിൽ ജയിക്കാനുള്ള സാദ്ധ്യതയുണ്ട്. തൃശൂർ ജയസാദ്ധ്യതയുള്ള സീറ്റാണ്. തോൽക്കുമെന്ന് പ്രവചിക്കാനാവാത്ത സീറ്റ്. താൻ മത്സരിക്കുന്നതിന് ഒരു ഉപാധിയും വച്ചിട്ടില്ല. അതേസമയം ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും സ്റ്റാൻഡിംഗ് കൗൺസലും അടക്കം ബി.ഡി.ജെ.എസിന് തരാമെന്ന് ധാരണയായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുധാരണയുമില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. തിരഞ്ഞെടുപ്പിന് മുമ്പ് എന്തൊക്കെ വേണമെന്ന് ധാരണയാക്കി തന്നെയാണ് മത്സരിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ തലപ്പത്തിരിക്കുന്നവർ മത്സരിക്കണമെങ്കിൽ ആ സ്ഥാനം രാജിവയ്ക്കണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് യോഗം ജനറൽ സെക്രട്ടറി പറഞ്ഞത്. യോഗത്തിന്റെ അഭിപ്രായമല്ലെന്ന് ജനറൽ സെക്രട്ടറി വ്യക്തിമായി പറയുന്നുണ്ട്. യോഗത്തിന്റേത് സമദൂര നിലപാടാണ്. യോഗത്തെയും ബി.ഡി.ജെ.എസിനെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും തുഷാർ പറഞ്ഞു.
യോഗം ജനറൽ സെക്രട്ടറിയെപ്പറ്റിയുള്ള വി.എം.സുധീരന്റെ ആരോപണം കാര്യമാക്കുന്നില്ല. ഒരു അണിപോലുമില്ലാത്തയാളാണ്. സ്വന്തം പാർട്ടിക്കാർ പോലും അംഗീകരിക്കുന്നില്ല. സ്വന്തം പാർട്ടിയെ പ്രതിപക്ഷത്തിരുത്തിയ ആൾ. ആരെക്കുറിച്ചും എന്തും പറഞ്ഞ് വാർത്താപ്രാധാന്യം നേടുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും തുഷാർ പറഞ്ഞു.