ആലപ്പുഴ: ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ട് വേണ്ടെന്നും ജനാധിപത്യ ശക്തികളുടെ വോട്ടു കൊണ്ട് യു.ഡി.എഫ് വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതരത്വത്തിൽ വെള്ളം ചേർക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും പിണറായിയും കോടിയേരിയും വർഗീയ ശക്തികളുടെ സഹായം നേടിയതാണ് സി.പി.എമ്മിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. 1977ൽ ആർ.എസ്.എസിന്റെയും ജനസംഘത്തിൻെറയും വോട്ട് വാങ്ങിയാണ് കൂത്തുപറമ്പിൽ നിന്ന് പിണറായി വിജയിച്ചത്. പകരമായി ഉദുമയിൽ സംഘപരിപാർ നേതാവ് കെ.ജി.മാരാരെ സഹായിച്ചു. തിരഞ്ഞെടുപ്പ് കൺവീനർ കമ്മ്യൂണിസ്റ്റ് നേതാവായ പുരുഷോത്തമനാണ് ഇതിനായി പ്രവർത്തിച്ചത്. ഇ.എം.എസ് ഉൾപ്പെടെ അന്ന് പ്രചാരണത്തിന് എത്തിയിരുന്നു. ഇത് മറച്ചുവച്ച് സത്യസന്ധതയില്ലാത്ത പ്രചാരണമാണ് കോടിയേരി തനിക്കെതിരെ നടത്തുന്നത്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് സി.പി.എമ്മിനുള്ളിൽ ആശയപരമായ കലാപം ഉണ്ടാക്കാൻ സമയമായി.
എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും നവോത്ഥാന പ്രവർത്തനത്തിന് മഹത്തായ സംഭാവനയാണ് നൽകിയിട്ടുള്ളത്. എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്നവർ നടത്തുന്ന അഭിപ്രായങ്ങളെല്ലാം സംഘടനയുടെ അഭിപ്രായമായി കാണുന്നില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകമാണ്.