മാവേലിക്കര : അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അഞ്ചുവയസുകാരന് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. കുറത്തികാട് പള്ളിയാവട്ടം ശാന്താഭവനത്തിൽ ശ്യാംകുമാറിന്റെയും ജിഷയുടെയും മകൻ അദ്വൈതാണ് മരിച്ചത്. ജിഷയ്ക്കും സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചുനക്കര വടക്ക് പറങ്കാംതോട്ടത്തിൽ മഞ്ജുവിനും (35) പരിക്കേറ്റു.
സ്കൂട്ടറിലുണ്ടായിരുന്ന അദ്വൈതിന്റെ സഹോദരി ആരാധ്യ (ഏഴ്) അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ മാവേലിക്കര വളളക്കാലിൽ തീയറ്ററിന് മുന്നിലായിരുന്നു അപകടം. ജിഷയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടതുവശത്ത് നിറുത്തിയിട്ടിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്തപ്പോൾ ഇടിയ്ക്കാതിരിക്കാനായി പിന്നാലെയെത്തിയ സ്‌കൂട്ടർ ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം തെറ്റി വലതുവശത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് അദ്വൈത് എതിരെവന്ന ലോറിയുടെ പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ ടയർ അദ്വൈതിന്റെ തലയുടെ പിൻഭാഗത്തു കൂടിയും ജിഷയുടെ കൈയിലൂടെയും കയറിയിറങ്ങി. റോഡിലൂടെ ഉരഞ്ഞുനീങ്ങിയാണ് മഞ്ജുവിന് പരിക്കേറ്റത്.
അദ്വൈതിനെ ആദ്യം ജില്ലാ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷയേയും മഞ്ജുവിനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തികാട് സെന്റ് ജോൺസ് എം.എസ്.സി യു.പി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായിരുന്നു അദ്വൈത്. സംസ്‌കാരം പിന്നീട്.