ആലപ്പുഴ: കടലും പുന്നമടക്കായലും ആറുമൊക്കെയുണ്ടെങ്കിലും ആലപ്പുഴ പൊള്ളുകയാണ്. 41 പേർക്കാണ് ഇതുവരെ സൂര്യാഘാതമേറ്റത്. തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ പൊള്ളലേൽക്കാതിരിക്കാനുള്ള തന്ത്രങ്ങളിലാണ് സ്ഥാനാർത്ഥികൾ. ആലപ്പുഴ ഇക്കുറി ആർക്കൊപ്പമെന്നു ചോദിച്ചാൽ പ്രവചനങ്ങൾക്കു വഴങ്ങുന്നതല്ല ആലപ്പുഴയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു ചരിത്രം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനും ആലപ്പുഴയുടെ സ്വന്തം മക്കൾ. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ തൊട്ടടുത്ത എറണാകുളം ജില്ലക്കാരൻ. പുന്നപ്ര- വയലാറിന്റെ വിപ്ളവ ഭൂമി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആ വിപ്ളവവീര്യം കാട്ടിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിപ്ളവം അതുപോലെ തണുത്തുറഞ്ഞിട്ടുമുണ്ട്.
പത്തു വർഷം യു.ഡി.എഫ് പിടിച്ചൊതുക്കിയ മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ് എൽ.ഡി.എഫിൻെറ ദൗത്യം. മുസ്ലിം സമുദായത്തിന് 19 ശതമാനം വോട്ടുണ്ട്. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ആ വോട്ടുകൾ മറിക്കനായാൽ വിജയം ഉറപ്പിക്കാമെന്ന മനക്കണക്കിലാണ് അരൂർ എം.എൽ.എ ആരിഫിനെ എൽ.ഡി.എഫ് ആലപ്പുഴയ്‌ക്കു വിട്ടത്.
അപ്പോൾ, ഷാനിമോൾ ഉസ്മാനെ ഇറക്കി യു.ഡി.എഫും അതേ നാണയത്തിൽ തിരിച്ചടിച്ചു. മുസ്ളിം സമുദായത്തിനിടയിൽ ഇരുസ്ഥാനാർത്ഥികൾക്കും മതിപ്പും പിൻബലവുമുണ്ട്. മുസ്ളിം വോട്ടുകൾ വിഭജിക്കപ്പെട്ടാൽ രാഷ്ട്രീയ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും സ്ഥാനാർത്ഥികളുടെ വിധി കുറിക്കും. എൻ.ഡി.എ സ്ഥാനാർത്ഥി രാധാകൃഷ്ണൻ ധീവര സമുദായ അംഗമാണ്. ഇരുമുന്നണികളും കണ്ണെറിഞ്ഞ അതേ തന്ത്രമാണ് രാധാകൃഷ്ണനിലൂടെ എൻ.ഡി.എയും കാണുന്നത്. ധീവര സമുദായത്തിന് മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുണ്ട്. ആ വോട്ടുകളും, ശബരിമല വിഷയത്തിൽ പ്രതീക്ഷിക്കുന്ന അധിക വോട്ടുകളും ചേർന്നാൽ സംഗതി മാറിമറിയുമെന്നാണ് ബി.ജെ.പി ക്യാമ്പിലെ കണക്കുകൂട്ടൽ. ഈഴവ സമുദായത്തിന് 44 ശതമാനവും നായർ സമുദായത്തിന് 15 ശതമാനവും ലത്തീൻ കത്തോലിക്കാ സമുദായത്തിന് 10 ശതമാനവും വോട്ടുണ്ട്.
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ നിയമസഭാ മണ്ഡലങ്ങളിൽ ഹരിപ്പാട് ഒഴികെയുള്ളവ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒപ്പമായിരുന്നു. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം:18,621.
# 2014 ലെ വോട്ടിംഗ് നില
കെ.സി.വേണുഗോപാൽ (ഐ.എൻ.സി): 46,2525
സി.ബി.ചന്ദ്രബാബു (സി.പി.എം): 44,3118
എ.വി.താമരാക്ഷൻ (എൻ.ഡി.എ): 43,051
കെ.സി വേണുഗോപാലിന്റെ ഭൂരിപക്ഷം: 19,407