arif

ആലപ്പുഴ : സ്ഥാനാർത്ഥികളെ സ്വീകരിക്കാൻ തിക്കിത്തിരക്കുന്ന പ്രവർത്തകരിൽ കൂടുതൽ പേരും ഇപ്പോൾ കരുതുന്നത് ഷാളും മാലയുമല്ല. ഒരു കരിക്കോ തണ്ണിമത്തനോ നൽകി കൊടുംചൂടിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് തണുപ്പ് പകരുകയാണ് പ്രവർത്തകർ.

വേനൽ കനത്തതോടെ അതിരാവിലെയും രാത്രിയുമൊക്കെയാണ് സ്ഥാനാർത്ഥികളുടെ പര്യടനം.

സൂര്യൻ കത്തുന്നതിനാൽ രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെ സ്ഥാനാർത്ഥികൾക്ക് വിശ്രമമാണ്. പ്രവർത്തകരും പകലുള്ള ഭവനന്ദർശനം പൂർണമായി നിറുത്തി. ചൂടിനെ പ്രതിരോധിക്കാൻ സ്ഥാനാർത്ഥികൾ ഭക്ഷണ ക്രമത്തിലും മാറ്റങ്ങൾ വരുത്തി. സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണ വാഹനത്തിൽ തിളപ്പിച്ചാറ്റിയ വെള്ളവും കരിക്കിൻ വെള്ളവും തയ്യാറാണ്. ഉച്ചയൂണ് ഏതെങ്കിലും പ്രവർത്തകരുടെ വീടുകളിലാകും.

പുലർച്ചെയും രാത്രിയിലുമാണ് ഭവന സന്ദർശനം. ഈ സമയത്ത് കയറിച്ചെല്ലുന്നതുകൊണ്ട് വോട്ടർമാരെ നേരിട്ട് കാണാം. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ പുലർച്ചെ ബീച്ചിൽ നടക്കാനെത്തിയവരോട് വോട്ട് അഭ്യർത്ഥിച്ചാണ് പ്രചാരണം ആരംഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് രാവിലെ 7 ന് അരീപ്പറമ്പ് ചേന്നവേലിയിലാണ് പ്രചാരണം തുടങ്ങിയത്. ആരിഫ് 11.45 മുതൽ വൈകിട്ട് 3 വരെ വിശ്രമത്തിലായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ കൺവൻഷനുകളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു.

........

ചായയും കാപ്പിയുമില്ല

# എ.എം.ആരിഫ്

പച്ചക്കറി വിഭവമാണ് കഴിക്കുന്നത്. മത്സ്യം പൂർണമായി ഒഴിവാക്കി. പ്രചാരണവേളയിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കൂ. ചായയും കാപ്പിയും ഒഴിവാക്കി. സ്വീകരണ കേന്ദ്രങ്ങളിൽ കരിക്കും തണ്ണിമത്തനും. പ്രഭാത ഭക്ഷണം വീട്ടിൽ.

പച്ചക്കറി മാത്രം

# ഷാനിമോൾ ഉസ്മാൻ

പച്ചക്കറി വിഭവമാണ് കഴിക്കുന്നത്. മത്സ്യം ഒഴിവാക്കി. തിളപ്പിച്ചാറ്റിയ വെള്ളം,കരിക്കിൻ വെള്ളം, ഓറഞ്ച്, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയാണ് ക്ഷീണമുണ്ടാകാതിരിക്കാൻ കുടിക്കുന്നത്.

കരിക്കിൽ ആശ്വാസം

# ഡോ.കെ.എസ്.രാധാകൃഷ്ണൻ

കരിക്കിൻ വെള്ളമാണ് കൂടുതൽ കുടിക്കുന്നത്. തിളപ്പിച്ചാറ്റിയ വെള്ളവും ധാരാളം കുടിക്കും. ഉച്ചഭക്ഷണത്തിന് മീൻകറി നിർബന്ധം.