ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. ടേസ്റ്റ് ഒഫ് ആലപ്പി എന്ന് പേരിൽ പുന്നപ്ര ഇ.എം.എസ് ഹാളിൽ നടന്ന മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 13 കഫേ യൂണിറ്റുകൾ പങ്കെടുത്തു. കുടുംബശ്രീ യൂണിറ്റുകൾക്കും കഫേ യൂണിറ്റുകളുടെ ഭക്ഷ്യ വിഭവങ്ങൾക്കും കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് വ്യത്യസ്ത ഇനങ്ങളിലാണ് മത്സരം നടന്നത്. മാരാരിക്കുളം സൗത്തിൽ നിന്നുള്ള ടീം രുചിയും ഒന്നാം സ്ഥാനവും പള്ളിപ്പുറത്ത് നിന്നുള്ള ടീം വേമ്പനാട് രണ്ടാം സ്ഥാനവും കഞ്ഞിക്കുഴിയിൽ നിന്നുള്ള ടീം ലാവിഷ് മൂന്നാംസ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയവർക്ക് 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2500 രൂപയും സമ്മാനമായി നൽകി. ഡി.എം.സി പി.സുനിൽ, എ.ഡി.എം.സി കെ.ബി അജയകുമാർ, ഡി.പി.എം സാഹിൽ ഫെയ്‌സി റാവുത്തർ,റിൻസ് സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.