ചേർത്തല:അപകട ഭീഷണി ഉയർത്തി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ.വയലാർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് നാഗംകുളങ്ങര -എട്ടുപുരയ്ക്കൽ റോഡിന് സമീപം കോയിക്കൽ ക്ഷേത്രത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറാണ് സുരക്ഷാവേലിയില്ലാതെ യാത്രക്കാർക്കും ജനങ്ങൾക്കും ഭീഷണിയാകുന്നത്.ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇതു വഴി കടന്നു പോകുന്നത്.തൊട്ടടുത്ത വയലാർ ഗവ.എൽ.പി.സ്കൂളിലെ കുട്ടികളടക്കം ഇതിന് സമീപത്തുകൂടിയാണ് പോകുന്നത്.നിലത്ത് നിന്ന് കൈയെത്തുന്ന ഉയരത്തിലാണ് ട്രാൻസ്ഫോർമറിൽ ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ കളിസ്ഥലവും സമീപത്തുണ്ട്. ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല തവണ കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതോടെ അപകടത്തിനുള്ള സാദ്ധ്യതയേറും.റോഡിന് വളരെയടുത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്.
അടിയന്തരമായി സുരക്ഷാ വേലി ഒരുക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളെ പങ്കെടുപ്പിച്ച് സമരപരിപാടികൾ നടത്താനാണ് തീരുമാനം.
വിനോദ് കോയിക്കൽ,പ്രസിഡന്റ്,ബി.ഡി.ജെ.എസ്,വയലാർ പഞ്ചായത്ത് കമ്മിറ്റി