പൂച്ചാക്കൽ : ചുട്ടുപൊള്ളുന്ന വേനലിൽ ഫാനിന്റെ കാറ്റുപോലും കിട്ടാൻ മാർഗമില്ലാതെ വിയർത്തൊഴുകുകയാണ് ഒരുകൂട്ടം കുരുന്നുകൾ. പാണാവള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വാഴത്തറവെളി കിഴക്ക് 55-ാം നമ്പർ അംഗൻവാടിയിലെ കുട്ടികൾക്കാണ് ഈ ദുർഗതി. അടുത്തമാസം ആറു വരെ അംഗൻവാടികൾക്ക് ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനുശേഷവും വിയർത്തൊലിക്കാൻ തന്നെയാണ് തങ്ങളുടെ കുട്ടികളുടെ വിധിയെന്ന് രക്ഷകർത്താക്കൾ പറയുന്നു.
കോൺക്രീറ്റ് കെട്ടിടത്തിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലാത്തതാണ് ഫാൻ ഇടുന്നതിന് തടസം. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2017-18 ലാണ് ഏഴ് ലക്ഷം രൂപ മുടക്കി ഈ കെട്ടിടം നിർമ്മിച്ചത്. കുരുന്നുകളുടെ പ്രയാസം നേരിൽ ബോദ്ധ്യപ്പെട്ട ഐ.സി.ഡി.എസ് അധികൃതർ വൈദ്യുതീകരണത്തിനായി പാണാവള്ളി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും കെട്ടിട നിർമ്മാണ എസ്റ്റിമേറ്റിൽ വൈദ്യുതീകരണ കാര്യം ഉൾക്കൊള്ളിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. വയറിംഗ് ജോലികൾ തങ്ങൾ ചെയ്തു നൽകാമെന്നും കെട്ടിടത്തിൽ നിന്ന് പത്ത് മീറ്റർ മാത്രം അകലെയുള്ള വൈദ്യുതി പോസ്റ്റിൽ നിന്ന് കണക്‌ഷൻ എടുക്കുന്ന നടപടികൾ പഞ്ചായത്ത് അധികൃതർ നടത്തിത്തന്നാൽ മതിയെന്നും പ്രദേശവാസികൾ പറഞ്ഞെങ്കിലും അധികൃതർ അതിനും ചെവികൊടുത്തില്ല. വിയർത്തൊലിക്കുന്ന കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വലയുകയാണ് അംഗൻവാടി ജീവനക്കാർ. കെട്ടിടത്തിലേക്ക് അടിയന്തരമായി വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ പഞ്ചായത്ത് ഓഫീസിലെത്തി നിവേദനം നൽകി
.
കെട്ടിടമുണ്ട്, അടിസ്ഥാന സൗകര്യങ്ങളില്ല
അംഗൻവാടിക്ക് കെട്ടിടം നിർമ്മിച്ചെെങ്കിലും അതിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാട്ടിയ അനാസ്ഥയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കെട്ടിടത്തിന് സമീപത്തുകൂടി കടന്നു പോകുന്നുണ്ടെങ്കിലും കുടിവെള്ളത്തിനായി പ്രദേശത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. റോഡിന് സമീപത്തുള്ള അംഗൻവാടി കെട്ടിടത്തിന് ചുറ്റുമതിലും ഇല്ല. ഇരുപത്തിരണ്ട് കുട്ടികൾ നിത്യേന എത്തുന്ന ഈ അംഗൻവാടിയുടെ അശാസ്ത്രീയമായ കെട്ടിട നിർമ്മാണത്തിനെതിരെ പ്രദേശവാസികൾ തുടക്കം മുതലേ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
.