palakulam

ആലപ്പുഴ : പുറമേ നോക്കിയാൽ തെളിനീരു പോലുള്ള വെള്ളം. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം തേടാൻ ഈ വെള്ളത്തിലേക്കൊന്നു ചാടാൻ ആർക്കും തോന്നും. എന്നാൽ ആവേശം മൂത്ത് ഒന്നിറങ്ങിയാൽ ചെളിയിൽ പൂണ്ടതു തന്നെ. ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള പാലക്കുളം കുളത്തിന്റെ അവസ്ഥയാണിത്.

ചെളി മാത്രമല്ല വലിയതോതിൽ മാലിന്യങ്ങളും കുളത്തിന്റെ അടിത്തട്ടിൽ അടിഞ്ഞിട്ടുണ്ട്. പ്രളയം കാര്യമായി ബാധിച്ച പ്രദേശമാണിത്. അന്ന് ഒഴുകിയെത്തിയ ചെളിയും മാലിന്യങ്ങളും കുളത്തിലേക്കുമെത്തിയിരുന്നു. എന്നാൽ പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കുളം ശുചീകരിക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

വേനൽ കടുത്തതോടെ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ജനം നെട്ടോട്ടമോടുമ്പോഴാണ് വലിയൊരു ജലസ്രോതസ് പരിപാലനമില്ലാതെ നശിക്കുന്നത്. മുമ്പ് കുളിക്കാനും നീന്താനും കുളം ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ നാട്ടുകാരാരും കുളത്തിലേക്കിറങ്ങുന്നില്ല.
പൈപ്പ് പൊട്ടൽ മൂലം പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്. കുളം ശുചീകരിച്ചിരുന്നെങ്കിൽ ഇതിൽ നിന്ന് വെള്ളമെടുത്തെങ്കിലും അടിയന്തരാവശ്യങ്ങൾ നിറവേറ്റാമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.

നീന്താനും ആരുമില്ല

മുമ്പൊക്കെ അവധിക്കാലത്ത് കുളത്തിൽ നീന്താനായി നിരവധി കുട്ടികളാണ് എത്തിയിരുന്നത്. കുട്ടികളുടെ നീന്തൽ പരിശീലനത്തിന്റെ പ്രധാന ഇടവുമായിരുന്നു പാലക്കുളം കുളം. എന്നാൽ ഈ അവധിക്കാലത്ത് എങ്ങനെ കുളത്തിലിറങ്ങുമെന്നാണ് കുട്ടിപ്പട്ടാളത്തിന്റെ ആശങ്ക. മാലിന്യം നിറഞ്ഞ വെള്ളത്തിലിറങ്ങിയാൽ ത്വക് രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയുമുണ്ട്.

'' നഗരസഭയുടെ അധീനതയിലുള്ള കുളം നേരത്തേ നവീകരിച്ചതാണ്. ഇപ്പോഴും ആളുകൾ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇതിലെ ജലം ഉപയോഗിക്കുന്നുണ്ട്. കുടിവെള്ളത്തിന് ഇവിടുത്തെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല.

തോമസ് ജോസഫ്, നഗരസഭ ചെയർമാൻ

......

'' പാലക്കുളം കുളം ശുചീകരിക്കണമെന്ന് പല തവണ കൗൺസിലിൽ ഉന്നയിച്ചതാണ്. യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുളത്തിന്റെ മുകൾ ഭാഗത്ത് തെളിഞ്ഞ് കടക്കുന്നുണ്ടെങ്കിലും അടിത്തട്ടിൽ ചെളിയും ചവറുമാണ്.

പാർവതി സംഗീത്, കൊറ്റംകുളങ്ങര വാർഡ് കൗൺസിലർ