photo


ആലപ്പുഴ: ഷാപ്പിൽ അക്രമം നടത്തുകയും ജീവനക്കാരനിൽ നിന്ന് പണം പിടിച്ചു പറിക്കുകയും ചെയ്ത കേസിലെ പ്രതികളായ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തോണ്ടൻകുളങ്ങര വാർഡിൽ കുന്നത്ത്പറമ്പിൽ വീട്ടിൽ യഹിയ(36),ചാത്തനാട് ശ്മാശാനത്തിനു തെക്ക് ഉലകൻ വീട്ടിൽ കണ്ണൻ (53),എ.കെ.ജി ജംഗ്ഷൻ വെളിയിൽ വീട്ടിൽ വിനോദ് (34) എന്നിവരെയാണ് ആലപ്പുഴ നോർത്ത് സി.ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച ജില്ലാ കോടതിക്ക് സമീപമുള്ള കള്ള് ഷാപ്പിലാണ് ഇവർ അക്രമം നടത്തിയത്.

ഷാപ്പിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തു നിന്നും കൊണ്ടുവന്ന മദ്യം അവിടിരുന്നു കുടിച്ചു. ഇത് തടഞ്ഞ ഷാപ്പ് ജീവനക്കാരനെ മർദ്ദിക്കുകയും ഇയാളുടെ പക്കലുണ്ടായിരുന്ന പണം പിടിച്ചു വാങ്ങുകയുമായിരുന്നു.
രണ്ടു മാസം മുമ്പ് വൈ.എം.സി.എ ജംഗ്ഷനിൽ തട്ടുകടയിൽ ഉണ്ടായ കത്തിക്കുത്തിനെ തുടർന്ന് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയതാണ് ഒന്നാം പ്രതി യഹിയ.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. യഹിയക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തുമെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ നോർത്ത് സി.ഐയ്ക്ക് ഒപ്പം എസ്.ഐമാരായ വിപിൻ ദാസ്,രവി,സി.പി.ഒമാരായ ആന്റണി സുധീഷ്, സുജിത് സലിം എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.