photo

ചേർത്തല:താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാല തിരഞ്ഞെടുക്കപ്പെട്ടു. താലൂക്കിലെ 66 ഗ്രന്ഥശാലകളിൽ നിന്നും പ്രവർത്തന മികവിനാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ അവാർഡിന് തിരഞ്ഞെടുത്തത്.1946 ൽ സ്ഥാപിതമായ വായനശാല 2016 ൽ സപ്തതി ആഘോഷിച്ചു. ജൂതന്മാർ സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് ഗ്രാമത്തിലെ അക്ഷരസ്‌നേഹികളാണ് വായനശാല ആരംഭിച്ചത്. ജീർണ്ണാവസ്ഥയിൽ ആയിരുന്ന കെട്ടിടത്തിന് പകരം ജനപ്രതിനിധികളുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി ഇരുനില കെട്ടിടം നിർമ്മിച്ചു.12000 ൽ പരം പുസ്തകങ്ങൾ,സംസ്ഥാന ലൈബ്രറി കൗൺസിൽ എ ഗ്രേഡ് രജിസ്‌ട്രേഷൻ,റഫറൻസ് പുസ്തകങ്ങൾ,ബാലവേദി,യുവത,വനിതാവേദി,കരിയർ ഗൈഡൻസ് സെന്റർ തുടങ്ങിയവും പ്രവർത്തിക്കുന്നു.വിവിധങ്ങളായ പ്രതിമാസ പരിപാടികൾ,ജനോപകാര പദ്ധതികൾ എന്നിവ സംഘടിപ്പിക്കുന്ന വായനശാല നവഭാവനയുമായി ചേർന്ന് നടത്തുന്ന ദിവസേനയുള്ള സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലന ക്ലാസുകളിലൂടെ 60ലധികം പേർക്ക് സർക്കാർ ഉദ്യോഗം ലഭിച്ചു.കെ.ജി.ഹെൻട്രിയും സി.ആർ.വിനോദുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.യുവതയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ക്ലാസുകളും ശിൽപ്പശാലകളും നടത്തി വരുന്നു.കെ.ഡി.ജസ്മലാലാണ് പ്രസിഡന്റും വി.എം.നിഷാദ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.അവാർഡും ഫലകവും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം മുഞ്ഞിനാട്ട് രാമചന്ദ്രനിൽ നിന്നും വായനശാല ഭാരവാഹികൾ ഏ​റ്റുവാങ്ങി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ പങ്കെടുത്തു.