അമ്പലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ സ്വീകരണ പര്യടനത്തിന് കൊഴുപ്പേകി കലാസംഘവും. ഓട്ടൻതുള്ളൽ, നാടൻപാട്ട് എന്നിവയാണ‌് സ്വീകരണ പരിപാടിക്കു മുന്നോടിയായി സംഘം അവതരിപ്പിക്കുന്നത‌്.
ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയും പ്രസംഗ സ‌്ക്വാഡും എത്തുന്നതിന് മുമ്പായി കലാസംഘം എത്തും. 45 മിനിട്ട് നീണ്ടുനിൽക്കുന്ന പരിപാടി തുള്ളൽ കലാകാരൻ സി.കെ. പ്രകാശനാണ‌് അവതരിപ്പിക്കുന്നത്. സി.പി.എം കഞ്ഞിക്കുഴി ഏരിയയിലെ കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി അംഗമാണ് പ്രകാശൻ. ലോക്കൽ സെക്രട്ടറി പ്രവീൺ ജി.പണിക്കരുടേതാണ‌് രചന. അനിൽ പെരുമ്പളമാണ് പാടിയിരിക്കുന്നത്. ആലപ്പുഴ ബ്ലാക്ക് പേഴ്സിലെ കലാകാരൻമാരാണ് നീർമൊഴിയാട്ടം എന്ന നാടൻപാട്ടും വിപ്ലവ ഗാനങ്ങളുമായി എത്തുന്നത്. ശാന്തിലാൽ, മനു, ശ്യാം, ഗൗരികൃഷ‌്ണ, മനോജ്, ഷാജി, ബൈജു എന്നിവരടങ്ങിയ സംഘമാണ് കലാസംഘത്തിന് നേതൃത്വം നൽകുന്നത്.