power

# പാരാലിമ്പിക് പവർലിഫ്ടിംഗിൽ വെള്ളി നേടിയിെങ്കിലും ഭാവിയിൽ ആശങ്ക

ചാരുംമൂട്: ശാരീരിക വൈകല്യമുള്ളവർക്കായി നാഗ്പൂരിൽ നടന്ന 17-ാമത് ദേശീയ പാരാലിമ്പിക് പവർലിഫ്ടിംഗിൽ കേരളത്തിനു വേണ്ടി വെള്ളി നേടിയ താമരക്കുളം ചത്തിയറ പ്രമോദ് ഭവനിൽ പ്രഹ്ളാദൻ-റഷീദ ദമ്പതികളുടെ മകൻ പ്രമോദ് നാടിന് അഭിമാനമായി. 107 കിലോയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിൽ 142 കിലോ ഉയർത്തി പ്രമോദ് വെള്ളി നേടിയെങ്കിലും അധികൃതർ വേണ്ട പരിഗണന നൽകാത്തത് ഈ യുവാവിൻറെ ഭാവി പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തെത്തുടർന്ന് പ്രമോദിൻറെ ഒരു കാലിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഹയർ സെക്കൻഡറി വരെ പഠിച്ച പ്രമോദിനെ കരിമുളയ്ക്കൽ മിഷൻ ഫിറ്റ്നസ് സെൻറർ ഉടമ സാഗർ ഗോപാലകൃഷ്ണനാണ് പാരാ പവർലിഫ്ടിംഗ് രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. അത് വിജയത്തിലേക്കുള്ള കുതിപ്പായി. കഴിഞ്ഞ തവണ ഡൽഹിയിൽ നടന്ന മത്സരത്തിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ജപ്തി ഭീഷണി നേരിടുന്ന വീടിന്റെ ഏക ആശ്രയമായ പ്രമോദിന് പരിശീലനത്തിനായി ആദ്യം ആരും സഹായത്തിനില്ലായിരുന്നു. ഒടുവിൽ, സന്മനസുള്ളവരുടെ സഹായത്തോടെ തിരിച്ചെത്തിയ പ്രമോദ് ഒരു മാസത്തോളം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് വെള്ളി നേടിയത്.

അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന പാരാ ഒളിമ്പിക്സിൽ പങ്കെടുക്കണമെന്നാണ് പ്രമോദിന്റെ ആഗ്രഹം. അതിന് യോഗ്യത നേടാനുള്ള കഴിവ് പ്രമോദിനുണ്ടെന്ന് പരിശീലകൻ സാഗർ പറയുന്നു. പവർലിഫ്ടിംഗ് പരിശീലന ഉപകരണങ്ങൾക്കും പരിശീലന കാലത്തെ ഭക്ഷണത്തിനും മറ്റുമായി അഞ്ച് ലക്ഷത്തോളം രൂപ ചെലവാകും. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് പ്രമോദ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ പാരാലിമ്പിക് മത്സരങ്ങളിലെ വിജയികൾക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം കൊടുക്കാറുണ്ട്. എന്നാൽ കേരളത്തിൽ മത്സരത്തിനുള്ള എല്ലാ ചെലവുകളും പങ്കെടുക്കുന്നവർ കണ്ടെത്തണം. പ്രമോദിന്റെ ചെറുതല്ലാത്ത ഈ നേട്ടം അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.