ന്യൂഡൽഹി:പ്രോവിഡന്റ് ഫണ്ട് വിഹിതം കണക്കാക്കേണ്ട അടിസ്ഥാന വേതനത്തിൽ ജീവനക്കാർക്ക് നൽകുന്ന പ്രത്യേക അലവൻസുകൾ കൂടി ഉൾപ്പെടുത്തണമെന്ന ഇ.പി.എഫ്.ഒ നിലപാട് സുപ്രീംകോടതി ശരിവച്ചു. അലവൻസുകളെ വേതനത്തിന്റെ ഭാഗമാക്കാതെ പി.എഫ് വിഹിതം കുറയ്ക്കുന്നത് തടഞ്ഞ ഇ.പി.എഫ്.ഒ നടപടി ചോദ്യം ചെയ്‌ത ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്റെ വിധി.
അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് തൊഴിലാളിയും തൊഴിലുടമയും പി.എഫ് വിഹിതമായി നൽകേണ്ടത്. അടിസ്ഥാന ശമ്പളം കുറച്ചു കാണിച്ച് ബാക്കി തുക പ്രത്യേക അലവൻസുകളായി നൽകുന്നത് ഇ.പി.എഫ്.ഒ എതിർത്തിരുന്നു. ഇ.പി.എഫ്. നിയമത്തിലെ രണ്ട് (ബി) (2) പ്രകാരം ക്ഷാമബത്ത അടിസ്ഥാന വേതനത്തിന്റെ ഭാഗമല്ല. എന്നാൽ ആറാം വകുപ്പ് പ്രകാരം, പി.എഫ്. വിഹിതം കണക്കാക്കുന്ന അടിസ്ഥാന വേതനത്തിന്റെ ഭാഗമാണ് ക്ഷാമബത്തയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പി.എഫ്. വിഹിതം കുറയ്ക്കുന്നതിനുവേണ്ടിയാണ് തൊഴിലുടമകൾ അടിസ്ഥാന വേതനത്തിൽനിന്ന് പ്രത്യേക അലവൻസുകളെ മാറ്റിനിർത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അലവൻസുകൾ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്നതാണെന്നും ചിലർക്ക് മാത്രമാണ് അതു നൽകുന്നതെന്നും തെളിയിക്കാൻ സ്ഥാപനങ്ങൾക്ക് സാധിച്ചില്ല.