ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പാകിസ്ഥാനിൽ തന്നെയുണ്ടെന്നും കോടതികളിൽ നിലനിൽക്കുന്ന വ്യക്തമായ തെളിവ് ഇന്ത്യ നൽകിയാൽ മാത്രമേ അറസ്റ്റുൾപ്പടെയുള്ള നടപടികളെടുക്കാനാകൂവെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മസൂദ് അസർ രാജ്യത്ത് തന്നെയുണ്ടെന്ന് വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചത്.
ഞാനറിഞ്ഞതു പ്രകാരം മസൂദ് അസർ പാകിസ്ഥാനിലുണ്ട്. അയാളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ. ഖുറേഷി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന ഭീകരസംഘടനയുടെ തലവൻ എന്ന നിലയിൽ എന്ത് കൊണ്ട് അസറിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യത്തിന്, പാകിസ്ഥാനിലെ നീതിപീഠത്തെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്താൻ കഴിയുന്ന തെളിവുകൾ ഇന്ത്യ കൈമാറിയാൽ നടപടിയെടുക്കാമെന്നായിരുന്നു മറുപടി. ''നിയമപരമായി മാത്രമേ അസറിനെതിരെ നടപടിയെടുക്കാനാവൂ. ശക്തമായ തെളിവുണ്ടെങ്കിൽ കൈമാറൂ. ഏത് നടപടിക്കും തയാറാണ്. ഒരുമിച്ച് ഇരുന്ന് സംസാരിക്കാം." സംഭാഷണം തുടങ്ങൂവെന്നും ഖുറേഷി പറഞ്ഞു. സമാധാനത്തിനും പുരോഗതിക്കും പ്രാധാന്യം നൽകുന്ന പുതിയ സർക്കാരാണ് പാകിസ്ഥാനിൽ ഇപ്പോഴുള്ളതെന്നും ഖുറേഷി വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതോടെ തലവനായ അസറിനെ യു.എന്നിന്റെ ആഗോള ഭീകര പട്ടികയിൽ പെടുത്താൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ത്യയ്ക്കെതിരെ മസൂദ് അസർ ഭീകരപ്രവർത്തനം നടത്തുന്നതെന്നും ഇന്ത്യ ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.