all-india-hurriyat-confer

ന്യൂഡൽഹി: ജമ്മുകാശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിന് പിന്നാലെ കാശ്മീർ വിഘടനവാദി സംഘടനയായ ആൾ ഇന്ത്യ ഹുറിയത്ത് കോൺഫറൻസിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാശ്മീരിൽ ഭീകരതയ്ക്കെതിരായ പോരാട്ടം നിർണായക ഘട്ടത്തിലാണെന്നും ഹുറിയത്തിനെ നിരോധിക്കുന്നത് സജീവ പരിഗണനയിലാണെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

കാശ്മീർ സ്വതന്ത്രമാക്കണമെന്ന നിലപാടുള്ള 26 സംഘടനകളുടെ കൂട്ടായ്മയാണ് ആൾ ഇന്ത്യ ഹുറിയത്ത് കോൺഫറൻസ്. ഭീകരവാദ, വിഘടന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതടക്കമുള്ള കുറ്റമാണ് കേന്ദ്രം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖിന്റെ വീടുകളിലുൾപ്പെടെ കഴി‌ഞ്ഞ ദിവസം എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു
രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച ജമ്മുകാശ്മീരിലെ മതസാമൂഹ്യ സംഘടനയായ ജമാത്തെ ഇസ്ലാമിയെ യു.എ.പി.എ നിയമപ്രകാരം അഞ്ചുവർഷത്തേക്ക് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ഉന്നതതല സുരക്ഷായോഗത്തിന് ശേഷമായിരുന്നു നടപടി.