ന്യൂഡൽഹി: ഇന്ത്യാ പാകിസ്ഥാൻ സംഘർഷത്തന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനെത്തിയപ്പോഴാണ് അദ്ദേഹം നിലപാട് അറിയിച്ചത്. 1,63,331 പോളിംഗ് സെന്ററുകളിലും വിവിപാറ്റ് മെഷീൻ ഉപയോഗിക്കും.സ്ഥാനാർത്ഥികൾ വിദേശത്തെ സ്വത്ത് വിവരങ്ങളും നൽകണം. ആദായ നികുതി വകുപ്പ് അത് പരിശോധിക്കും. എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ശക്തമായ നടപടിയെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. പരാതിക്കാരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും. സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരായ രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളെയും അദ്ദേഹം തള്ളി. വോട്ടിംഗ് യന്ത്രത്തെ ഫുട്ബോൾ പോലെയാണ് ചിലർ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇ.വി.എം ഉപയോഗിക്കുന്നുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവും നാലുമാസത്തിനു ശേഷം നടന്ന ഡൽഹിനിയമസഭാ ഫലവും വ്യത്യസ്തമാണ്. അറിഞ്ഞോ അറിയാതയോ വോട്ടിംഗ് മെഷീനെ ഫുട്ബോളാക്കുകയാണ്. ഫലം എക്സ് ആണെങ്കിൽ ഇ.വി.എം ശരി. വൈ ആണെങ്കിൽ തെറ്റ്. പ്രതിരോധ സാമഗ്രികളുണ്ടാക്കുന്ന ഏറ്റവും സുരക്ഷിതമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നും ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യ ലിമറ്റഡിൽ നിന്നുമാണ് ഇ.വി.എം നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങിപോകണമെന്ന ചില പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.