pak-

ന്യൂഡൽഹി: പാക് തടവിൽ നിന്ന് മോചിതനായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വെടിവച്ചിട്ട പാക് എഫ്.16 വിമാനത്തിന്റെ പൈലറ്റ് വിംഗ് കമാൻഡർ ഷഹസാസുദ്ദീനെ പാകിസ്ഥാനിലെ നാട്ടുകാർ ആളുമാറി മർദ്ദിച്ച് കൊലപ്പെടുത്തി. അഭിനന്ദനെപ്പോലെ ഷഹസാസുദ്ദീനും ഒരു എയർമാർഷലിന്റെ മകനാണെന്ന വാർത്തയും പുറത്തു വന്നു. ഇക്കാര്യങ്ങൾ പാക് സൈന്യം നിഷേധിച്ചിട്ടുണ്ട്.

ലണ്ടനിൽ പ്രവർത്തിക്കുന്ന ഖാലിദ് ഉമർ എന്ന അഭിഭാഷകനാണ് പാക് പൈലറ്റ് ഒാപ്പറേഷനിടെ കൊല്ലപ്പെട്ട വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വെടിയേറ്റ വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട ഷഹസാസുദ്ദീൻ പാക് അതിർത്തിക്കുള്ളിൽ തന്നെ ഇറങ്ങിയിരുന്നു. എന്നാൽ നാട്ടുകാർ ഇന്ത്യൻ പൈലറ്റാണെന്ന് തെറ്റിദ്ധരിച്ച് ക്രൂരമായി മർദ്ധിച്ചു. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ആശുപത്രിയിൽ മരിച്ചെന്നാണ് റിപ്പോർട്ട്.

പാക് പിടിയിലായ ശേഷം മോചിതനായ അഭിനന്ദനും മരിച്ച ഷഹസാസുദ്ദീനും ഇന്ത്യ, പാക് വ്യോമസേനകളിലെ എയർമാർഷൽമാരുടെ മക്കളാണെന്ന് ഖാലിദ് ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു. ഷഹസാസുദ്ദീൻ പാകിസ്ഥാൻ വ്യോമസേനയിലെ എയർമാർഷൽ വസീമുദ്ദീന്റെ മകനാണെന്ന് അദ്ദേഹം പറയുന്നുണ്ട്.

അതേസമയം എയർമാർഷൽ വസീമുദ്ദീന്റെ മക്കളാരും സേനയിൽ പ്രവർത്തിക്കുന്നില്ലെന്ന് പാകിസ്ഥാൻ വ്യോമസേനാ അധികൃതർ പറുയുന്നു. രണ്ടുമക്കൾ ദുബായിൽ ജോലി ചെയ്യുകയാണ്. എഫ്. 16 വിമാനം പറത്തിയ ഷഹസാസുദ്ദീനെ സംബന്ധിച്ച വിവരങ്ങൾ പാകിസ്ഥാൻ വെളിപ്പെടുത്തിയിട്ടില്ല.