ന്യൂഡൽഹി: ഉത്തർപ്രദേശിലെ ദളിത് നേതാവും വിമത ബി.ജെ.പി എം.പിയുമായ സാവിത്രിഭായ് ഫുലെ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. സമാജ്‌വാദി മുൻ നേതാവ് രാകേഷ് സച്ചനും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.

യു.പിയിലെ ദളിത് വോട്ടുകളിൽ സ്വാധീനമുള്ള ഫുലെയുടെ വരവിലൂടെ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് . മോദി സർക്കാർ ദളിത് വിരുദ്ധ നയങ്ങൾ പിന്തുടരുന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പിയുമായി ഫുലെ ഇടഞ്ഞത്. കഴിഞ്ഞവർഷം ഡിസംബർ ആറിന് അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ ബി.ജെ.പി അംഗത്വം ഉപേക്ഷിച്ചു. എസ്.സി എസ്.ടി നിയമത്തിലെ സുപ്രീംകോടതി ഉത്തരവ്, ഹനുമാനെ പറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു.
ബി.എസ്.പിയിലായിരുന്ന ഫുലെ 2000ത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്. 2 2012ൽ നിയമസഭാംഗമായെങ്കിലും 2014ൽ ബഹ്‌റെയ്ച്ച് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി.

രണ്ടുതവണ എം.എൽ.എയായിരുന്ന രാകേഷ് സച്ചൻ 2009ൽ ഫത്തേപൂരിൽ നിന്ന് ലോക്സഭയിലെത്തി. 2014ലെ ബി.ജെ.പി തരംഗത്തിൽ പരാജയപ്പെട്ടു.

പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ജനറൽ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം കോൺഗ്രസിലെത്തുന്ന പ്രമുഖരാണ് ഫുലെയും സച്ചനും. എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കേണ്ടിവന്ന കോൺഗ്രസിന് ഇവർ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.