ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വാരിയെല്ലിന് പരിക്കുണ്ടെന്ന് റിപ്പോർട്ട്. പരിക്ക് ഗുരുതരമല്ലെന്നും മിഗ് 21പോർവിമാനത്തിൽ നിന്ന് ഇജെക്ട് ചെയ്തപ്പോൾ സംഭവിച്ചതാകാമെന്നുമാണ് നിഗമനം. കൂടുതൽ പരിശോധനകൾ വേണമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വെള്ളിയാഴ്ച പാക് സേനയുടെ തടവിൽ നിന്ന് മോചിതനായ അഭിനന്ദന് ഡൽഹി കന്റോൺമെൻറ് സൈനിക ആശുപത്രിയിൽ ചികിത്സയും പരിശോധനകളും തുടരുകയാണ്. സുരക്ഷാ ഏജൻസികളുടെ മൊഴിയെടുക്കലും നടക്കുന്നുണ്ട്.
യുദ്ധവിമാനത്തിൽ നിന്ന് ഇജെക്ട് ചെയ്യുമ്പോൾ അതിശക്തമായാണ് പൈലറ്റ് സീറ്റ് സഹിതം പുറത്തേക്ക് തെറിക്കുക. ഈ സമയത്ത് നട്ടെല്ലിന് ആഘാതമുണ്ടാകാൻ സാദ്ധ്യതയുണ്ട്. നട്ടെല്ലിന്റെ സി.ടി സ്‌കാനും എക്സ്റേയും എടുത്തു.
മിഗ് വിമാനത്തിൽ നിന്ന് പാക് പ്രദേശത്ത് പാരച്യൂട്ടിൽ ഇറങ്ങിയ അഭിനന്ദനെ ഗ്രാമവാസികൾ മർദ്ദിച്ചിരുന്നു. മുഖത്ത് പരിക്കേറ്റതിനാൽ പാക് സൈന്യം ചികിത്സ നൽകിയിരുന്നു. ആൻറി ബയോട്ടിക്കുകളും വേദനസംഹാരികളും നൽകിയെന്നാണ് റിപ്പോർട്ട്. അതേസമയം ദീർഘകാലം നിലനിൽക്കുന്ന രാസവസ്തുക്കളോ, സെറമോ ശരീരത്തിൽ കുത്തിവച്ചിട്ടുണ്ടോ എന്നറിയാനുള്ള ടോക്സിക്കോളജി പരിശോധനയും നടത്തുന്നുണ്ട്. ഇതിന്റെ ഫലം വരാൻ കുറച്ചു ദിവസങ്ങളെടുക്കും. രഹസ്യങ്ങൾ ചോർത്താൻ അഭിനന്ദന്റെ ശരീരത്തിൽ സൂക്ഷ്മ ഉപകരണങ്ങളൊന്നും കടത്തിയിട്ടില്ലെന്നും വ്യക്തമായി.
അഭിനന്ദന് പുരസ്കാരം
അഖില ഭാരതീയ ദിഗംബര ജൈന മഹാസമിതിയുടെ ആദ്യത്തെ ഭഗവാൻ മഹാവീർ അഹിംസ പുരസ്കാരം അഭിനന്ദന് നൽകും. 2.51 ലക്ഷം രൂപയും മെമൻറോയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ഏപ്രിൽ 17ന് മഹാവീർ ജയന്തി ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.