ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിലുണ്ടായ ഇന്ത്യാ - പാക് സംഘർഷങ്ങൾക്ക് താത്കാലിക ശമനമായി. ശനിയാഴ്ച രാത്രി മുതൽ ജമ്മുകാശ്‌മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ അതിർത്തിയിൽ വെടിനിറുത്തൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. സൈന്യം അതീവജാഗ്രതയിൽ തുടരുകയാണ്.
കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ശനിയാഴ്ച ജമ്മുകാശ്മീരിലെത്തി സാഹചര്യം വിലയിരുത്തിയിരുന്നു.രജൗരിയിലെ നൗഷേര സെക്ടറിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 2.30വരെ പാക് വെടിവയ്പ്പുണ്ടായെങ്കിലും മറ്റുള്ള മേഖലകൾ വെള്ളിയാഴ്ച രാത്രി 11 മുതൽ ശാന്തമാണ്. വെടിവയ്പോ, ഷെൽ ആക്രമണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെടിവയ്പ്പിന് ശമനമുണ്ടായത് അതിർത്തിഗ്രാമങ്ങളിലുള്ളവർക്ക് ആശ്വാസമായിട്ടുണ്ട്.
ബാലാകോട്ടിലെ ജയ്ഷെ ഭീകരക്യാമ്പ് ഇന്ത്യ തകർത്ത ശേഷം പാക് സേനയുടെ ഷെല്ലാക്രമണം രൂക്ഷമായിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിൽ 80 ഗ്രാമങ്ങളെ ലക്ഷ്യമാക്കി 50ലധികം തവണ പാകിസ്ഥാൻ വെടിവച്ചിരുന്നു. ഇതിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളുൾപ്പെടെ നാലു ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഷെല്ലിംഗ് രൂക്ഷമായതോടെ നിരവധി കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്.
സി.ആർ.പി.എഫ് ജവാന് വീരമൃത്യ
ജമ്മുകാശ്മീരിലെ കുപ്‌വാരയിൽ 60 മണിക്കൂർ നീണ്ട ഭീകരവിരുദ്ധ ഓപ്പറേഷനിടെ മരിച്ച ജവാന്മാരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച ഭീകരരുടെ വെടിവയ്പിൽ പരിക്കേറ്റ സി.ആർ.പി.എഫ് ജവാൻ ഇന്നലെ മരിച്ചു. നേരത്തെ രണ്ടു സി.ആർ.പി.എഫ് ജവാന്മാരും രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. കമാൻഡർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്ന വീടിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ അപ്രതീക്ഷിതമായി വെടി വയ്‌ക്കുകയായിരുന്നു. രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഗ്രാമത്തിലെ വീടുകളിൽ ഭീകരർ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടോ, എത്ര ഭീകരർ മരിച്ചു എന്നിവയിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് കരുതിയ നാല് വീടുകൾ തകർത്തിരുന്നു. ഓപ്പറേഷനിൽ ഒരു ഗ്രാമവാസി കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകാൻ പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.