abhiandan

ന്യൂഡൽഹി: പാക് ഭീകര ക്യാമ്പുകൾക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്ന പ്രതിപക്ഷം സേനയുടെ ആത്മവീര്യം തകർക്കുകയും പാകിസ്ഥാനെ സന്തോഷിപ്പിക്കുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ തകർക്കാൻ മോദി ശ്രമിക്കുമ്പോൾ മോദിയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ബീഹാറിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് പാറ്റ്ന ഗാന്ധിമൈതാനത്തു നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.

സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ ചോദ്യം ചെയ്തതു പോലെ ബലാകോട്ട് ആക്രമണത്തിനും കോൺഗ്രസും സഖ്യകക്ഷികളും തെളിവു ചോദിക്കുന്നു. ശത്രുക്കൾക്കു നേട്ടമുണ്ടാകുന്ന പ്രസ്താവനകളാണ് പ്രതിപക്ഷത്തിൻേത്. ഇത്തരം വാക്കുകൾ പാകിസ്ഥാൻ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്.

കാവൽക്കാരനെ അധിക്ഷേപിക്കാനാണ് ഇപ്പോൾ മത്സരം. എന്നാൽ കാവൽക്കാരൻ കൂടുതൽ ജാഗരൂകനാണ്. തീവ്രവാദത്തിനെതിരെ ഒരുമിച്ചു സംസാരിക്കേണ്ട സമയത്ത് 21 പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്ന് എൻ.ഡി.എയ്ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. ജനങ്ങൾ ഇത് മറക്കില്ല. ഇത് പുതിയ ഇന്ത്യയാണ്. സേനയുടെ ത്യാഗത്തിൽ മിണ്ടാതിരിക്കില്ല- മോദി വ്യക്തമാക്കി.

2017- ൽ ജെ.ഡി.യു എൻ.ഡി.എ സഖ്യത്തിലേക്ക് മടങ്ങിവന്നതിനു ശേഷം ആദ്യമായാണ് ബീഹാർ മുഖ്യമന്ത്രി നീതിഷ്‌ കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദി പങ്കിടുന്നത്. ബീഹാറിൽ കേന്ദ്രസർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.